കോവിഡ് ആരോപിച്ച് വൃദ്ധദമ്പതികളെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ടു

റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളെ അറസ്റ്റ് ചെയ്തു

സഊദി അറേബ്യയില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളം വഴി തൃശൂരിലെ ഫ്‌ളാറ്റില്‍ താമസസ്ഥലത്തെത്തിയ ദമ്പതിമാരെ കൊറോണബാധിതരെന്ന് ആരോപിച്ചു പൂട്ടിയിട്ടു. സംഭവത്തില്‍ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളെ പൊലീസ് അറസ്റ്റു ചെയ്തു. പൊലീസ് എത്തിയാണ് ഇവരെ പുറത്തിറക്കിയത്.
ഞായര്‍ രാത്രി 8.30നാണ് സഊദി അറേബ്യയിലെ കമ്പനിയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ മുണ്ടുപാലത്തെ  ഫ്‌ളാറ്റില്‍ താമസിക്കുന്ന വിനോദും ഭാര്യ ഇന്ദിരയും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.
ടാക്‌സിയില്‍ തൃശൂരിലെ ഫ്‌ളാറ്റിലേക്ക് പുറപ്പെട്ടു. വരുന്ന വഴി ഫ്‌ളാറ്റ് ഓണേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് സന്ദേശം നല്‍കി. ‘വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞു. കൊറോണ രോഗ ലക്ഷണമില്ല. എന്നാലും രണ്ടാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദേശം’. ഇതായിരുന്നു സന്ദേശം.  എന്നാല്‍ ഫ്‌ളാറ്റിലെ മറ്റു താമസക്കാര്‍ക്കു ബുദ്ധിമുട്ടാകുമെന്നും താമസിക്കാന്‍ കഴിയില്ലെന്നുമായിരുന്നു അസോസിയേഷന്‍ നിലപാട്. രാത്രി 11മണിയോടെ മുണ്ടുപാലത്തെ ഫ്‌ളാറ്റില്‍ ദമ്പതികള്‍ എത്തി. ഇവരെ ഫ്‌ളാറ്റില്‍ പ്രവേശിപ്പിക്കാന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തയാറായില്ല. വാക്കുതര്‍ക്കത്തിനൊടുവില്‍ വൃദ്ധ ദമ്പതികള്‍ മുറിയില്‍ കയറി. വീട്ടില്‍ ഭക്ഷണ സാധനങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. രാവിലെ സഹായിയെ വിളിച്ച് അരിയും പച്ചക്കറികളും വാങ്ങാന്‍ ആവശ്യപ്പെട്ടു.
വാങ്ങിയ സാധനങ്ങള്‍ വാതിലിനു പുറത്ത് വച്ചാല്‍ മതി എന്ന നിര്‍ദേശവും നല്‍കി. ഭക്ഷണത്തിനുള്ള സാധനങ്ങള്‍ വാങ്ങി വന്ന സഹായി ഇതെല്ലാം പുറത്തു വച്ച ശേഷം വിവരം ഫോണില്‍ അറിയിച്ച ശേഷം തിരിച്ചു പോയി. പുറത്തിരിക്കുന്ന സാധനങ്ങള്‍ എടുക്കാനായി വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. അപ്പോഴാണ് പുറത്തു നിന്നും പൂട്ടിയിട്ടിരിക്കുകയാണെന്നു മനസിലായത്. അസോസിയേഷന്‍ ഭാരവാഹികളെ ബന്ധപ്പെട്ടപ്പോള്‍ വാതില്‍ തുറക്കാതിരിക്കാന്‍ പുറത്തു നിന്നും രണ്ടു സ്റ്റിക്കറുകള്‍ പതിച്ചതായി പറഞ്ഞു. അപ്പോഴാണ്  ബന്ദികളാക്കപ്പെട്ടതായി വൃദ്ധ ദമ്പതികള്‍ക്ക് മനസിലായത്.  ഉടന്‍ തന്നെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണറെ വിവരം അറിയിച്ചു. പൊലീസ് എത്തിയാണ് ദമ്പതികളെ മോചിപ്പിച്ചത്. വാതിലിനു പുറത്ത് ‘കൊറോണ’ എന്നും എഴുതി വച്ചിരുന്നു. അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചതിന് അസോഷിയേഷന്‍ ഭാരവാഹികളെ പൊലീസ് അറസ്റ്റു ചെയ്തു. രോഗ ലക്ഷണങ്ങള്‍ ഇല്ലാതിരുന്ന ദമ്പതികളെ രോഗത്തിന്റെ പേരില്‍ തടങ്കലിലാക്കിയതിനാണ് കേസെന്ന് പൊലീസ് പറഞ്ഞു. റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പോള്‍ ടി. ജോസഫ്,  സെക്രട്ടറി ഫ്രാന്‍സിസ്, മെമ്പര്‍മാരായ ആന്റണി, മാത്യു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.