പ്രായം ചെന്നവര്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്; ഫെഡറല്‍ ജീവനക്കാര്‍ക്ക് ജോലിയില്‍ ഇളവ്

73

അബുദാബി: കൊറോണ വൈറസ് തടയുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി പ്രായം ചെന്നവര്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് യുഎഇ ആരോഗ്യവിഭാഗം അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ വൈറസ് വളരെ വേഗത്തില്‍ കടന്നുചെല്ലാനിടയുള്ളതുകൊണ്ടാണ് ആരോഗ്യമന്ത്രാലയം പുതിയ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. പ്രായാധിക്യമുള്ളവര്‍ പരമാവധി പുറത്തിറങ്ങാതിരിക്കുകയും ആളുകള്‍ കൂടുന്നയിടങ്ങളില്‍ എത്താതിരിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കനത്ത ജാഗ്രതാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. യുഎഇ ഫെഡറല്‍ ഗവണ്മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളിലെ ജീവനക്കാര്‍ക്ക് ജോലിയില്‍ ഹാജരാവുന്നതില്‍ ഇളവ് അനുവദിച്ചു. ഗര്‍ഭിണികള്‍, ഒമ്പതാം ക്ലാസിനുതാഴെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ അമ്മമാര്‍, പ്രായം ചെന്നവര്‍ എന്നിവരെയാണ് നാളെ മുതല്‍ ജോലിയില്‍ ഹാജരാവുന്നതില്‍നിന്നും ഒഴിവാക്കിയിട്ടുള്ളത്. വീട്ടിലിരുന്ന് ജോലികള്‍ ചെയ്താല്‍ മതിയെന്ന നിലപാടാണ് യുഎഇ അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ദുബൈ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ ഇളവ് നല്‍കിയിരുന്നു.

വിദേശ സര്‍വ്വകലാശാലകളിലെ സ്വദേശി വിദ്യാര്‍ത്ഥികള്‍ സുരക്ഷിതര്‍
അബുദാബി: വിദേശരാജ്യങ്ങളിലെ സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന യുഎഇ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ കൊറോണ ബാധയില്‍നിന്ന് സുരക്ഷിതരാണെന്ന് ഉന്നത വിദ്യാഭ്യാസ സഹമന്ത്രി ഡോ.അഹമദ് ബിന്‍ അബ്ദുല്ല ഹാമിദ് അല്‍ഫലാസി വ്യക്തമാക്കി. ഇതുസംബന്ധിച്ചു അതാത് രാജ്യങ്ങളിലെ യുഎഇ കോണ്‍സുലേറ്റുകളുമായും വിവി ധ സര്‍വ്വകലാശാലകളിലെ അധികൃതരുമായും ബന്ധപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. പതിനാറ് രാജ്യങ്ങളിലായി 1251 സ്വദേശി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.ഇതില്‍ 642പേരും ബ്രിട്ടണിലാണ്.327പേര്‍ അമേരിക്കയിലും 120പേര്‍ ആസ്‌ത്രേലിയയിലും 26പേര്‍ കാനഡയിലും പഠിക്കുന്നു. വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില സുരക്ഷിതമായിരിക്കാന്‍ ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വിവിധ രാജ്യങ്ങളിലെ സര്‍വ്വകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കായിക പരിശീലനങ്ങള്‍ നിര്‍ത്തിവെച്ചു
അബുദാബി: യുഎഇയിലെ മുഴുവന്‍ കായിക പരിശീലനങ്ങളും നിറുത്തിവെച്ചതായി ജനറല്‍ സ്‌പോര്‍ട്‌സ് അഥോറിറ്റി വ്യക്തമാക്കി. കൊറോണ വൈറസിനെ ചെറുക്കാനുള്ള മുന്‍കരുതല്‍ എന്ന നിലക്കാണ് മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ നിറുത്തിവെച്ചിട്ടുള്ളത്. യുഎഇയിലെ മുഴുവന്‍ സ്‌പോര്‍ട്‌സ് ക്ലബുകളുടെയും പരിശീലനങ്ങളും കളികളും നിര്‍ത്തിവെക്കുന്നതായി അധികൃതര്‍ പറഞ്ഞു.

അബുദാബിയില്‍ ശിശ ഉപയോഗത്തിന് നിരോധനം
അബുദാബി: കൊറോണ വൈറസ് പടരുന്നത് തടയുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി അബുദാബിയില്‍ ശിശ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. കഫെകളിലും ഹോട്ടലുകളിലും താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശിശ ഉപയോഗത്തിലൂടെ രോഗം പടരാന്‍ സാധ്യത കൂടുതലാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.ചെറുകിട കഫെകളിലും അറബ് വംശജരുടെ ഭോജനശാലകളിലും സ്ഥിരമായി ശിശ ഉപയോഗിക്കുന്നവരുണ്ട്. ഇവര്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങളും പരിചാരകരുമുള്ള സ്ഥാപനങ്ങളുമുണ്ട്.

ബാര്‍ബര്‍ ഷാപ്പുകളില്‍ മുന്‍കരുതലുകള്‍ കര്‍ശനമാക്കി
അബുദാബി: കൊറോണ വൈറസ് ബാധക്കെതിരെയുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ അബുദാബിയിലെ ബാര്‍ബര്‍ ഷാപ്പുകളില്‍ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കി. ഇവിടെ എത്തുന്ന മുഴുവന്‍ പേര്‍ക്കും അണുമുക്ത ലായനി ഉപയോഗിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും കസേരകള്‍ നിശ്ചിത അകലം പാലിക്കണമെന്നും അബുദാബി നഗരസഭ കര്‍ശന നിര്‍ദ്ദേശം നല്‍കി. മുഴുവന്‍ സ്ഥാപനങ്ങളും ശുചിത്വം ഉറപ്പ് വരുത്തണമെന്ന് നിര്‍ദ്ദേശിച്ചതോടൊപ്പം ശക്തമായ അണുബാധ ചെറുക്കുന്നതിനുള്ള വീര്യംകൂടിയ ലായനികള്‍ ഉപയോഗിക്ക ണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.