ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്കായി ഗ്രോസറി ആപ്പ് പുറത്തിറക്കി

അബുദാബി: കൊറോണ വൈറസിനെ ചെറുക്കുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി പൊതുജന സമ്പര്‍ക്കം പരമാവധി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രോസറി ആപ്പ് പുറത്തിറക്കി. ടെലികമ്യൂണിക്കേഷന്‍ അഥോറിറ്റിയാണ് ഇതുസംബന്ധച്ച സംവിധാനം ഏര്‍പ്പെടുത്തിയത്. ആദ്യ ഘട്ടമെന്ന നിലയില്‍ 22 പ്രമുഖ സ്ഥാപനങ്ങളെ കൂട്ടിയിണക്കിയാണ് പുതിയ ആപ്പ് സജ്ജീകരിച്ചിട്ടുള്ളത്.
യുഎഇയിലെ പ്രമുഖ സ്ഥാപനങ്ങളെല്ലാം ഇതില്‍ കണ്ണികളാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ സ്ഥാപനങ്ങളെ ആപ്പില്‍ കൊണ്ടു വരികയും പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമാക്കി മാറ്റുകയും ചെയ്യും. പ്രധാന ഭക്ഷ്യ വിപണന സ്ഥാപനങ്ങളും കോഓപറേറ്റീവ് സൊസൈറ്റികളും പച്ചക്കറി-മാംസ വിതരണ സ്ഥാപനങ്ങളും ഇതിലുണ്ടാകും. ഓണ്‍ലൈന്‍ വാണിജ്യം കൂടുതല്‍ വിപുലമാകുന്നതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഈ വര്‍ഷം 19.77 ദശലക്ഷം യുഎസ് ഡോളറിന്റെ വാണിജ്യ ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴി നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇതിന്റെ പ്രസക്തി വര്‍ധിക്കുകയും ചെയ്യുകയാണ്. ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനത്തില്‍ യുഎഇ മുന്‍നിര രാജ്യങ്ങളുടെ പട്ടികയിലാണുള്ളത്. യുഎഇയിലെ ഓണ്‍ലൈന്‍ ഭക്ഷ്യ-പാനീയ വില്‍പന 2015 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 21 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.