കോഴിക്കോട്: ലോറിയില്‍ കുത്തിനിറച്ച നിലയില്‍ യാത്ര പോകുകയായിരുന്ന 64 അംഗ ഇതര സംസ്ഥാനക്കാരെ പൊലീസ് തടഞ്ഞു. ഇന്നലെ രാവിലെ 9.30 ഓടെ പന്തീരാങ്കാവില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.
കണ്ണൂര്‍ ചാലയില്‍ താമസിക്കുന്ന തമിഴ് നാട് സ്വദേശികള്‍ കൊറോണ ഭീതിയെ തുടര്‍ന്ന് നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു. യാതൊരു മുന്‍കരുതലും സ്വീകരിക്കാതെ കൂട്ടമായായിരുന്നു യാത്ര. ഇവരെ പിന്നീട് ബസുകളില്‍ കണ്ണൂരിലേക്ക് തിരിച്ചയച്ചു.
പന്തീരാങ്കാവ് സി.ഐ.ബൈജു.കെ.ജോസും സംഘവും വിവരമറിയിച്ചതിനെ തുടര്‍ന്ന് ഒളവണ്ണ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.കെ. അജയ് കുമാറും സംഘവും പന്തീരങ്കാവ് വില്ലേജ് ഓഫീസറും ഒളവണ്ണ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡണ്ടും സ്ഥലത്തെത്തി. തുടര്‍ന്ന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പനിയുണ്ടെന്ന് കണ്ടെത്തിയ 3 പേരെ ആശുപത്രിയിലേക്കയച്ചു.
തുടര്പരിശോധകളില് ചികിത്സ ആവശ്യമില്ലെന്ന് ബോധ്യപ്പെട്ടതോടെ തിരികെയെത്തിച്ചു. ആര്‍ടിഒ ഷബീറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ ടി അനൂപ് മോഹനും സംഘവും സ്ഥലത്തെത്തി. ഇതിനിടെ ഗുഡ്സ് ഓട്ടോറിക്ഷയില്‍ തമിഴ്നാട്ടിലേക്കള്ള മറ്റൊരു സംഘവും എത്തി. ഇവരെയും പരിശോധക്ക് വിധേയമാക്കി.
കോറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇവരെ രണ്ടു കെ.എസ്.ആര്.ടി.സി ബസുകളില്‍ തമിഴ്നാടതിര്ത്തിയിലേക്കയക്കാനായിരുന്നു ആദ്യതീരുമാനം.
എന്നാല്‍ ഇത്രയധികം പേരുടെ തുടര്‍ യാത്ര പ്രശ്നമാകുമെന്ന കാരണത്താല്‍ എല്ലാവരയും കണ്ണൂരിലേക്ക് തന്നെ തിരിച്ചയക്കാന്‍ തീരുമാനമായി. കോഴിക്കോട് ഡപ്യൂട്ടി കലക്ടറുടെ നിര്‍ദ്ദേശപ്രകാരം എത്തിയ രണ്ട് ബസ്സുകളില്‍ ഇവരെ കണ്ണൂരിലെ താമസസ്ഥലത്തേക്ക് തന്നെ അയച്ചു. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്കി. വില്ലേജ് അധികൃതര്‍ ഇവര്‍ക്ക് യാത്രയില്‍ ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ സമാഹരിച്ചു നല്കി.