പി.എ ഇബ്രാഹിം ഹാജിയുടെ നല്ല മനസിന് ലൈക്കടിച്ച് നാട്‌

33
കാസര്‍കോട്: കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഏറ്റവും അപകടകരമായ രീതിയില്‍ കോവിഡ് ബാധിച്ച കാസര്‍കോട്ടെ രോഗികള്‍ക്ക് നിരീക്ഷണത്തില്‍ കഴിയാന്‍  ത്രീസ്റ്റാര്‍ ഹോട്ടല്‍ പൂര്‍ണമായും വിട്ടുനല്‍കി ഉടമകളുടെ മാതൃക. വ്യവസായ പ്രമുഖനും ചന്ദ്രിക ഡയറക്ടറും  മനുഷ്യ സ്‌നേഹിയുമായ  ബേക്കല്‍ പള്ളിക്കരയിലെ പി.എ ഇബ്രാഹിം ഹാജി മാനേജിംഗ് ഡയറക്ടറായ   കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിലെ ഹോട്ടല്‍ സെഞ്ച്വറി പാര്‍ക്കാണ് ആരോഗ്യ വകുപ്പിന് ഐസൊലേഷന്‍ കേന്ദ്രമാക്കാന്‍ വിട്ടുനല്‍കിയത്.
കോവിഡ് നിരീക്ഷണത്തിന് വിധേയരാകുന്നവരെ താമസിപ്പിക്കാന്‍ ഇടംകിട്ടാതെ നട്ടംതിരിയുമ്പോഴാണ് നഗരസഭ സെക്രട്ടറിയുടെയും ജനറല്‍ ആസ്പത്രി സൂപ്രണ്ടിന്റെയും ആവശ്യത്തിന് ഇബ്രാഹിം ഹാജി ആശ്വാസമായത്. പാട്ട്ണര്‍മാരായ തളങ്കരയിലെ കെ.എം ഹനീഫയും ചൂരിയിലെ സി.ഐ അബ്ദുല്ലക്കുഞ്ഞിയും നിറഞ്ഞ സമ്മതവുമായി മുന്നോട്ടുവന്നു. ഏഴുനില കെട്ടിടത്തിലെ മൂന്നുനിലകളിലെ 88 മുറികളുടെ താക്കോലും അധികൃതര്‍ക്ക് കൈമാറി.
ചൂടുവെള്ളം ഉള്‍പ്പെടെ കിട്ടുന്ന പൈപ്പ് ലൈന്‍ സംവിധാനവും 45000 ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ടാങ്കും കെട്ടിടത്തിലുണ്ട്. രണ്ടുകട്ടിലും കിടക്കകളുമാണ് ഓരോ മുറിയിലുമുള്ളത്. ലിഫ്റ്റ് സൗകര്യവുമുണ്ട്. മറ്റു ആവശ്യമായ മുന്‍കരുതലുകള്‍ കഴിഞ്ഞ ദിവസം നടത്തിയതായി അബ്ദുല്ലക്കുഞ്ഞി പറഞ്ഞു. ജലസംഭരണി കഴുകി വൃത്തിയാക്കി വെള്ളം നിറച്ചു. പരിസര ശുചിത്വം  ഉറപ്പുവരുത്തി.
നഗരസഭ സെക്രട്ടറി എസ്. ബിജു, ഡെപ്യൂട്ടി ഡിഎംഒ ഡോ. ഗീത ഗുരുദാസ് എന്നിവര്‍ കഴിഞ്ഞ ദിവസം കെട്ടിടം പരിശോധിച്ചു സൗകര്യങ്ങള്‍ വിലയിരുത്തി. എന്നാല്‍ രോഗികള്‍ എത്തിതുടങ്ങിയിട്ടില്ല. ഇപ്പോള്‍ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമാണ് റൂമുകള്‍ ഉപയോഗിക്കുന്നതെന്നും പത്തോളം പേര്‍ ഇതിനകം താമസം തുടങ്ങിയതായും അബ്ദുല്ലക്കുഞ്ഞി പറഞ്ഞു. നാടിനെയൊന്നാകെ ഭീതിയിലാക്കിയ കോവിഡിനെ തുരത്താനുള്ള ഭരണകൂടത്തിന്റെ നിതാന്തമായ പ്രവര്‍ത്തനത്തിന് കൈതാങ്ങാവുക എന്നത് മാത്രമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് ഉടമകള്‍ പറയുന്നത്.