പക്ഷി പനി: പരപ്പനങ്ങാടിയില്‍ ഇന്നലെ കൊന്നൊടുക്കിയത് അഞ്ഞൂറോളം കോഴികളെയും പക്ഷികളെയും

18
പക്ഷി പനി ഭീതി മൂലം പരപ്പനങ്ങാടി പാലത്തിങ്ങലില്‍ വളര്‍ത്തു പക്ഷികളെ കൊല്ലുന്നതിനിടയില്‍ ഇന്നലെ വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങളെ കൊല്ലാനായി കൊണ്ടുപോകുന്നു. രോഗം സ്ഥിരീകരിച്ച സ്ഥലത്തു നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തു പക്ഷികളെ കൊന്നു കളയാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം

പരപ്പനങ്ങാടി: പക്ഷിപ്പനി സ്ഥിരീകരണത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയില്‍ കോഴികളെയും പക്ഷികളെയും കൊന്നൊടുക്കുന്നത് ആരംഭിച്ചു. ആദ്യ ദിനം അഞ്ഞൂറോളം വരുന്ന കോഴി, താറാവ്, കരിങ്കോഴി, ഗിനിക്കോഴി, ടര്‍ക്കി കോഴി, അരയന്നങ്ങള്‍, പ്രാവുകള്‍, അലങ്കാര പക്ഷികള്‍ തുടങ്ങിയവയെയാണ് പിടികൂടി കൊന്ന് കത്തിച്ചു സംസ്‌കരിച്ചത്.പക്ഷിപ്പനി കണ്ടെത്തിയ പതിനാറാം ഡിവിഷനിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 15,17,18,19 ഡിവിഷനുകളിലെ വീടുകളില്‍നിന്നും ഫാമുകളില്‍ നിന്നുമാണ് ഇവയെ പിടികൂടിയത്. സ്റ്റേഡിയം റോഡിലെ കാവുങ്ങല്‍ ഹാരിസ് റഹ്മാന്റെ ചെറിയ ഫാമില്‍ നിന്നുമാത്രം രണ്ടു ലക്ഷം രൂപയുടെ അലങ്കാര പക്ഷികളെയാണ് കൊന്നൊടുക്കിയത്.പലരും പക്ഷികളെയും കോഴികളെയും മറ്റിടങ്ങളിലേക്ക് മാറ്റുമ്പോള്‍ ഹാരിസ് റഹ്മാന്‍ പക്ഷികളെ മാറ്റാതെ സഹകരിക്കുകയാണുണ്ടായത്.റാപ്പിഡ് റെസ്‌പോണ്‍സ് ടീമിലെ ആറുപേരടങ്ങുന്ന പത്ത് സംഘങ്ങളാണ് യജ്ഞത്തില്‍ പങ്കെടുത്തത്.ഇതില്‍ ഒരു ഡോക്ടര്‍,രണ്ടു ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ അറ്റന്റര്‍ എന്നിവരടങ്ങുന്ന ആറംഗങ്ങളാണുള്ളത്.
ഇന്നലെ രാവിലെ ഏഴര മുതല്‍ ഉച്ചവരെയാണ് കൊന്നൊടുക്കുന്ന പ്രവര്‍ത്തനം നടത്തിയത്.ചരക്കു വാഹനടക്കമുള്ള പത്തിലേറെ വാഹനങ്ങളും തയാറാക്കിയിരുന്നു.റാപ്പിഡ് റെസ്‌പോണ്‍സ് ടീം വീടുകളില്‍ എത്തുന്നതിനു മുമ്പ് തന്നെ വളര്‍ത്തു കോഴികളെ കൂടുതുറന്ന് വിട്ടതിനാല്‍ പിടികൂടാനായില്ല. ഇതിനാലാണ് അറുപത് പേരുള്ള സംഘത്തിന് ഉദ്ദേശിച്ച എണ്ണം കോഴികളെ പിടികൂടാന്‍ കഴിയാതിരുന്നത്. നാട്ടുകാര്‍ പരമാവധി സഹകരിച്ചാലേ പദ്ധതി വിജയിക്കുകയുള്ളൂ എന്നാണ് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അയ്യൂബ് അറിയിച്ചു. കടുത്ത ചൂടില്‍ സുരക്ഷാ കവചം അണിഞ്ഞു കോഴികളെ പിടികൂടാന്‍ പിന്തുടര്‍ന്ന് കൂടുതല്‍ ഓടാന്‍ കഴിയാത്ത അവസ്ഥയാണ്. ഇക്കാരണത്താല്‍ ഇന്ന് മുതല്‍ കോഴികളെ പിടികൂടാനെത്തുന്ന വാര്‍ഡുകളിലെ കോഴികളെ തുറന്ന് വിടരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കഴുത്ത് ഞെരിച്ചും അറുത്തുമാണ് ഇവയെ കൊല്ലുന്നത്.കൊന്നൊടുക്കിയ 585 കോഴികളെയും വളര്‍ത്തു പക്ഷികളെയും ചിറമംഗലത്തെ സര്‍ക്കാര്‍ നാളികേര വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ പ്രത്യേകം തയാറാക്കിയ കുഴികളില്‍ മണ്ണെണ്ണയും പെട്രോളും ഒഴിച്ച് കത്തിക്കുകയാണുണ്ടായത്.ഇന്ന് ഏഴുമണിക്ക് കോഴികളെയും പറവകളെയും കൊന്നൊടുക്കുന്ന പ്രവര്‍ത്തനം ആരംഭിക്കും. നാളെ വരെ തുടരുന്നതാണ്.