യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്: എയര്‍ ഇന്ത്യ സര്‍വീസുകള്‍ വെട്ടിച്ചുരുക്കി

43

ദുബൈ-കോഴിക്കോട് സര്‍വീസില്‍ മാറ്റമില്ല

അബുദാബി: യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതിനെ തുടര്‍ന്ന് എയര്‍ലൈനുകള്‍ സര്‍വീസുകള്‍ വെട്ടിക്കുറക്കുകയോ റദ്ദാക്കുകയോ ചെയ്യുന്ന പ്രക്രിയക്ക് വേഗമേറി. കൊറോണ വൈറസ് ബാധ പടരുന്നത് തടയാന്‍ മുന്‍കരുതലെന്ന നിലയല്‍ വിവിധ രാജ്യങ്ങള്‍ യാത്രക്കാര്‍ക്ക് കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയും നിരവധി പേര്‍ സ്വയം യാത്ര മാറ്റി വെക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് എയര്‍ലൈനുകള്‍ തങ്ങളുടെ സര്‍വീസുകളില്‍ മാറ്റങ്ങള്‍ വരുത്തിയത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി സര്‍വീസുകളില്‍ മാറ്റം വരുത്തി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഗള്‍ഫ് നാടുകളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ചു കൊണ്ട് എയര്‍ ഇന്ത്യ ഇന്നലെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. യുഎഇയിലേക്കുള്ള നിരവധി സര്‍വീസുകളാണ് എയര്‍ ഇന്ത്യ വെട്ടിക്കുറച്ചിരിക്കുന്നത്. ദുബൈ, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ ആഴ്ചയില്‍ മൂന്നോ നാലോ ആക്കി ചുരുക്കിയാണ് പുതിയ ക്രമീകരണം വരുത്തിയിട്ടുള്ളത്.
ഈ മാസം മുതല്‍ അടുത്ത മാസം അവസാനം വരെ പുതിയ ക്രമത്തിലായിരിക്കും സര്‍വീസ് നടത്തുകയെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. കൊച്ചിയില്‍ നിന്നും ദുബൈയിലേക്കും തിരിച്ചുമുള്ള പ്രതിദിന സര്‍വീസ് ഈ മാസം 21 മുതല്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമാക്കി മാറ്റി. ഷാര്‍ജ-കോഴിക്കോട് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമേ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. കോഴിക്കോട്ട് നിന്ന് ഷാര്‍ജയിലേക്ക് തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്.
തിരുവനന്തപുരം-ഷാര്‍ജ സര്‍വീസ് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ എന്നീ ദിവസങ്ങളിലും ഷാര്‍ജ-തിരുവനന്തപുരം സര്‍വീസ് തിങ്കള്‍, ബുധന്‍,വെള്ളി, ഞായര്‍ ദിവസങ്ങളിലുമാക്കി കുറച്ചു. ചെന്നൈ-ദുബൈ-ചെന്നൈ സര്‍വീസുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലേക്കും ചുരുക്കുകയുണ്ടായി. അതേസമയം, കോഴിക്കോട്-ദുബൈ-കോഴിക്കോട് സര്‍വീസ് ദിവസേന സര്‍വീസ് ഉണ്ടായിരിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിപ്പില്‍ വ്യക്തമാക്കി.
മുംബൈ-അബുദാബി പ്രതിദിന സര്‍വീസും ആഴ്ചയില്‍ നാലാക്കി ചുരുക്കി. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലും അബുദാബി-മുംബൈ തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലുമാണ് സര്‍വീസ് നടത്തുക. മുംബൈ-ദുബൈ-മുംബൈ, ഹൈദരാബാദ്-ദുബൈ-ഹൈദരാബാദ് സര്‍വീസുകളും ദിവസേന ഉണ്ടായിരിക്കും.
അതിനിടെ, ഫ്‌ളൈ ദുബൈ ഇന്ത്യയിലേക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി ഉത്തരവിറിക്കി. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഇത്തരത്തില്‍ നിരവധി എയര്‍ലൈനുകള്‍ സര്‍വീസുകള്‍ പുന:ക്രമീകരിക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ എയര്‍ലൈനുകള്‍ സര്‍വീസ് റദ്ദാക്കുമെന്നാണ് കരുതുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും കര്‍ശന നിബന്ധന ഏര്‍പ്പെടത്തിയിട്ടുണ്ട്.
അതിനിടെ, വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെ നിര്‍ബന്ധമായും 14 ദിവസം നിരീക്ഷണത്തിന് വിധേയരാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിവിധ എയര്‍പോര്‍ട്ടുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.