റസാഖ് ഒരുമനയൂര്‍
അബുദാബി: ലോക രാജ്യങ്ങളില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. ഓരോ ദിവസവും ആയിരങ്ങളാണ് വിവിധ രാജ്യങ്ങളില്‍ രോഗത്തിനടിമകളായി മാറുന്നത്. മാരക വൈറസ് ലോകജനതയെ അറ്റമില്ലാത്ത ആശങ്കയിലേക്കാണ് നയിക്കുന്നത്. ഇതു വരെ മരിച്ചവരുടെ എണ്ണം ഇരുപത്തിയാറായിരത്തിനടുത്താണ്. 560,000ത്തിലേറെ പേരെയാണ് രോഗം ബാധിച്ചിട്ടുള്ളത്. ലോകത്തെ നയിക്കുന്ന രാജ്യമെന്ന വിശേഷണമുള്ള അമേരിക്ക തന്നെയാണ് കൊറോണ മൂലം കടുത്ത ആശങ്കയില്‍ അകപ്പെട്ടിട്ടുള്ളത്.
ഏറ്റവും വലിയ കൊറോണ ബാധിതരുടെ രാജ്യമായാണ് അമേരിക്ക മാറിയിട്ടുള്ളത്. 90,000ത്തോളം പേരെയാണ് ഇവിടെ കോവിഡ്-19 പിടികൂടിയിട്ടുള്ളത്. സമീപ കാലത്തെ ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധിയിലാണ് അമേരിക്ക എത്തപ്പെട്ടിട്ടുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കനുസൃതമായി കൊറോണയെ തടഞ്ഞു നിര്ത്താനായിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വരുംദിനങ്ങളില്‍ രോഗികളുടെ എണ്ണം ലക്ഷത്തിനു മുകളിലെത്തുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഭയപ്പെടുന്നു. 24 മണിക്കൂറിനിടയില്‍ 1,500 പേരെയാണ് രോഗം പിടികൂടിയത്. തങ്ങളുടെ സര്‍വ സംവിധാനങ്ങളും പരാജയപ്പെടുകയും പോരായ്മകള്‍ വിളിച്ചോതുകയും ചെയ്യുകയാണെന്ന് അമേരിക്കക്കാര്‍ വിലയിരുത്തുന്നു. 2,139 പേര് ഇവിടെ ഗുരുതരാവസ്ഥയിലാണുള്ളത്. ഇതു വരെയായി 1,889 പേര്‍ക്ക് മാത്രമാണ് രോഗമുക്തി നേടാന്‍ കഴിഞ്ഞിട്ടുള്ളത്.
അതേസമയം, 32,332 പേര് രോഗബാധിതരായ ഇറാനില്‍ ഇതിനകം 11,133 പേര്‍ക്ക് രോഗം ഭേദപ്പെട്ടിട്ടുണ്ടെന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇവിടെ നേരിയ ആശ്വാസം പകര്‍ന്നു. എന്നാല്‍, കഴിഞ്ഞ ഒരാഴ്ചയായി രോഗബാധിതരുടെ എണ്ണം കുറവായിരുന്ന ഇറാനില്‍ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായി. 2,926 പേര്‍ക്കാണ് പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മരണ സംഖ്യ 2,280 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ രോഗം പടര്‍ന്നു കയറിയപ്പോള്‍ തങ്ങള്‍ക്ക് കൊറോണ വൈറസിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്ന് ആശ്വസിച്ച ഇറാന് ഇതോടെ വീണ്ടും ആധി പെരുകുകയാണ്.
ചൈനയില്‍ ഇന്നലെ ഏതാനും പേര്‍ക്ക് കൂടി പോസിറ്റീവ് ഫലം കണ്ടു. ഇതോടെ, രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടായി. ഇതു വരെ 81,340 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മരണം 3,292 ആണ്. ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയ ഇറ്റലിയില്‍ ഇന്നലെ പുതിയ രോഗബാധിതരുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 80,589 രോഗബാധിതരുള്ള ഇറ്റലിയില്‍ 8,215 പേരാണ് മരിച്ചത്. അതേസമയം, സ്പെയിനില്‍ കഴിഞ്ഞ ദിവസവും ഏഴായിരത്തോളം പേരെ കൊറോണ പിടികൂടുകയുണ്ടായി. 64,059 പേര് ഇവിടെ രോഗബാധിതരാണ്. 4,858 പേരാണ് ഇവിടെ കൊറോണ വൈറസിനാല്‍ മരിച്ചു വീണത്. ഏകദേശം അത്രയും പേര് ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ടെന്നത് സ്പെയിനിനെ കൂടുതല്‍ വിഷമാവസ്ഥയിലേക്കാണ് നയിക്കുന്നത്.
മരണ സംഖ്യ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും ജര്‍മനിയിലും കഴിഞ്ഞ ദിവസം 5,000ത്തിലേറെ പേരില്‍ പുതുതായി രോഗം കണ്ടെത്തി. രോഗികളുടെ എണ്ണം അര ലക്ഷം കടന്നിട്ടുണ്ട്. എന്നാല്‍, 304 പേരുടെ മരണം മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. ഫ്രാന്‍സില്‍ രോഗബാധിരുടെ എണ്ണം 30,000 ആയി. 1,696 പേരാണ് ഇവിടെ മരിച്ചത്. ബ്രിട്ടനില്‍ രോഗബാധിതരുടെ എണ്ണം 15,000 ആയി ഉയര്‍ന്നു. ഇതില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഉള്‍പ്പെടുന്നുവെന്നത് ഞെട്ടലുളവാക്കിയിട്ടുണ്ട്. എണ്ണൂറോളം പേരാണ് ബ്രിട്ടണില്‍ കൊറോണ മൂലം മരിച്ചത്. രോഗികളുടെ എണ്ണം ഒമ്പതിനായിരത്തോളം വരുന്ന നെതര്‍ലാന്റ്സില്‍ 550 പേരാണ് മരിച്ചത്.