ആകാശത്ത് നിന്ന് കീടനാശിനി സ്‌പ്രേ ചെയ്യില്ല; വ്യാജ വിവരം പ്രചരിപ്പിക്കുന്നവരെ ശിക്ഷിക്കും

കോവിഡ് 19നെതിരെയുള്ള പ്രതിരോധമായി ആകാശത്ത് നിന്ന് കീടനാശിനി സ്‌പ്രേ ചെയ്യുമെന്ന് ഇന്നലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത് വ്യാജ വിവരമാണെന്നും ഇതില്‍ വിശ്വസിക്കരുതെന്നും ദി നാഷണല്‍ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അഥോറിറ്റി (എന്‍സിഇഎംഎ) അധികൃതര്‍ അറിയിച്ചു.
”ഇന്ന് പ്രത്യേക സൈനിക ഹെലികോപ്റ്ററുകള്‍ കൊറോണ വൈറസിനെതിരെ രാജ്യമെമ്പാടുമുള്ള ആകാശങ്ങളില്‍ കീടനാശിനികള്‍ തളിക്കും. അതിനാല്‍ രാത്രി പന്ത്രണ്ട് മണിക്ക് ശേഷം നിങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണം. പുറത്തു നിന്നുള്ള വസ്ത്രങ്ങളെല്ലാം നീക്കം ചെയ്യുക. രാത്രിയില്‍ വിമാനങ്ങളുടെ ശബ്ദം കേള്‍ക്കുമ്പോള്‍, ഇത് ഈ കാര്യവുമായി ബന്ധപ്പെട്ടതാണെന്ന് നിങ്ങള്‍ അറിയണം (കോവിഡ് 19)…”.
എന്നായിരുന്നു സന്ദേശം. അറബി, ഇംഗ്‌ളീഷ്, മലയാളം ഭാഷകളില്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വ്യാപകമായാണ് ഈ വ്യാജ സന്ദേശം ഷെയര്‍ ചെയ്യപ്പെട്ടത്.
ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നും പ്രസക്തമായ അധികൃതരില്‍ നിന്നുമുള്ള വാര്‍ത്തകളും വിവരങ്ങളും മാത്രം വിശ്വസിക്കാനും ഇത്തരം കിംവദന്തികള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാതിരിക്കാനും എന്‍സിഇഎംഎ പൊതുജനങ്ങളെ ഉണര്‍ത്തി. വ്യാജവും തെറ്റായതുമായ വിവരങ്ങള്‍ ഷെയര്‍ ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും എന്‍സിഇഎംഎ മുന്നറിയിപ്പ് നല്‍കി. കോവിഡ് 19ന്റെ വ്യാപനം സംബന്ധിച്ച് തെറ്റായ വിവരവും കിംവദന്തിയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവരെ യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് അല്‍ഷംസി കഴിഞ്ഞ ദിവസം അബുദാബിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ താക്കീത് ചെയ്തിരുന്നു. കുടുംബങ്ങള്‍ ഭക്ഷണവും ഗ്രോസറി ഉല്‍പന്നങ്ങളും സംഭരിക്കുന്നത് സംബന്ധിച്ച വീഡിയോകള്‍ ഷെയര്‍ ചെയ്യരുതെന്ന് ചൊവ്വാഴ്ച അദ്ദേഹം പൊതുജനങ്ങുളോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം ശൈലികളും രീതികളും രാജ്യത്തെ താമസക്കാര്‍ക്കിടയില്‍ അനാവശ്യ ഭയവും അപായ സൂചനയും സൃഷ്ടിക്കാനേ സഹായിക്കൂവെന്നും അതിനാല്‍, അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും ആളുകള്‍ വിട്ടു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് 19 വ്യാപനത്തിനെതിരെ യുഎഇ ഭരണകൂടം തക്കതായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. എന്നാല്‍, സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ കിംവദന്തികള്‍ മനഃപൂര്‍വമായോ, അറിവില്ലായ്മ കൊണ്ടോ പ്രചരിപ്പിച്ചാല്‍ ജയില്‍ അടക്കമുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.