പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ കുത്തനെ കൂട്ടി

ന്യൂഡല്‍ഹി:രാജ്യം കോവിഡ് ഭീതിയില്‍ നട്ടം തിരിയുന്നതിനിടെ ജനങ്ങള്‍ക്ക് ഇരുട്ടടി സമ്മാനിച്ച് കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര വിപണിയില്‍ 1991നു ശേഷം അസംസ്‌കൃത എണ്ണവില ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയതോടെ ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കാതിരിക്കാന്‍ ഡീസലിന്റേയും പെട്രോളിന്റേയും എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുത്തനെ കൂട്ടി. ലിറ്ററിന് മൂന്ന് രൂപ വീതമാണ് നികുതി വര്‍ധിപ്പിച്ചത്. ഇതിലൂടെ 39,000 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
രാജ്യാന്തര വിപണിയില്‍ എണ്ണവില ഗണ്യമായി കുറയുമ്പോള്‍ തീരുവ വര്‍ധിപ്പിക്കുക എന്ന രീതിയാണ് കേന്ദ്രം 2014-15 മുതല്‍ അവലംബിക്കുന്നത്. ഇതാണ് ഇത്തവണയും ആവര്‍ത്തിച്ചത്. നികുതി വര്‍ധന ജനത്തെ പ്രത്യക്ഷത്തില്‍ ബാധിക്കില്ലെങ്കിലും നിലവില്‍ പെട്രോള്‍, ഡീസല്‍ വില കുറയാനുള്ള സാഹചര്യം നിലനില്‍ക്കെ, ഇത് ഇല്ലാതെ പോകും. കൂട്ടിയ തീരുവ എണ്ണ വിലയിലെ കുറവില്‍നിന്ന് കമ്പനികള്‍ പിടിക്കുന്നതാണ് ഇതിനു കാരണം. ഇതേ പ്രവണത ഭാവിയിലും സര്‍ക്കാര്‍ തുടരുമെന്നാണ് വിവരം. കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ് ആന്റ് കസ്റ്റംസ് പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം പെട്രോളിന്റെ സ്‌പെഷ്യല്‍ എക്‌സൈസ് തീരുവ രണ്ട് രൂപ വര്‍ധിപ്പിച്ച് എട്ട് രൂപയായും ഡീസലിന്റേത് ലിറ്ററിന് രണ്ട് രൂപ വര്‍ധിപ്പിച്ച് നാല് രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. ഇതിനു പുറമെ ഒരു രൂപ വീതം പെട്രോളിനും ഡീസലിനും ലിറ്ററിന്‍മേല്‍ റോഡ് സെസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന്‍മേലുള്ള മൊത്തം എക്‌സൈസ് നികുതി 22.98 രൂപയും ഡീസലിന് 18.83 രൂപയുമായി വര്‍ധിച്ചു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിന് 9.48 രൂപയും ഡീസല്‍ ലിറ്ററിന് 3.56 രൂപയുമായിരുന്നു നികുതി.
1991ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷം അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ ഏറ്റവും വിലകുറഞ്ഞ അവസ്ഥയിലേക്ക് മാറിയിട്ടും (ബാരലിന് 32 ഡോളറില്‍ താഴെ) പെട്രോള്‍, ഡീസല്‍ വിലയില്‍ കഴിഞ്ഞ ദിവസം 13 പൈസയും 16 പൈസയുമാണ് എണ്ണക്കമ്പനികള്‍ കുറവ് വരുത്തിയത്. 2014നും 2016നും ഇടയില്‍ ഒമ്പത് തവണയാണ് എക്‌സെസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ഇതുവഴി പെട്രോളിന് 11.77 രൂപയും ഡീസലിന് 13.47 രൂപയുമാണ് മോദി സര്‍ക്കാര്‍ നികുതി ഇനത്തില്‍ വര്‍ധിപ്പിച്ചത്. ഇത് ഫലത്തില്‍ 2014-15ല്‍ 99,000 കോടി രൂപ ലഭിച്ച സ്ഥാനത്ത് 2,42,000 കോടി രൂപ നികുതി സര്‍ക്കാറിന് നേടിക്കൊടുക്കുകയും ചെയ്തു. 2017ല്‍ കേന്ദ്രം രണ്ട് രൂപയും 2018ല്‍ 1.50 രൂപയും എക്‌സൈസ് നികുതി കുറവ് വരുത്തിയെങ്കിലും പിന്നീട് 2019ല്‍ വീണ്ടും രണ്ട് രൂപ വര്‍ധിപ്പിച്ചു.
അതേ സമയം പെട്രോള്‍, ഡീസല്‍ എന്നിവയുടെ തീരുവ വര്‍ധിപ്പിച്ച കേന്ദ്ര തീരുമാനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. എണ്ണവിലയില്‍ വന്ന കുറവിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നും 40 ശതമാനം വിലക്കുറവ് വരുത്തണമെന്നും കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ആവശ്യപ്പെട്ടു.