പ്രവാസം ജനസേവനമാക്കിയ കെ.ടി ഹാഷിം ഹാജി ഇന്ന് നാട്ടിലേക്ക്

കെ.ടി ഹാഷിം ഹാജി

പ്രവാസ ജീവിതം ജനസേവനമാക്കിയ മഹിത വ്യക്തിത്വത്തിനുടമയായ കെ.ടി ഹാഷിം ഹാജി ഇന്ന് നാട്ടിലേക്ക് തിരിക്കും. ഇന്ന് രാത്രി കണ്ണൂരിലേക്കുള്ള ഗോ എയര്‍ വിമാനത്തിലാണ് അദ്ദേഹം ദുബൈയിലെ 38 വര്‍ഷം നീണ്ട പ്രവാസത്തോട് വിട ചൊല്ലി മടങ്ങുന്നത്. നാട്ടില്‍ മാത്രമല്ല പ്രവാസ ലോകത്തും സംഘടനകളിലുള്ള സ്ഥാനം ജീവിതത്തില്‍ മഹിമയുടെ ഒരു സ്റ്റാറ്റസായി കരുതുന്നവരാണ് സമൂഹത്തിലേറെ പേരും. അതിനൊരു അപവാദമാണ് ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസി പ്രസിഡന്റായിരുന്ന കെ.ടി ഹാഷിം ഹാജിയെന്ന് തറപ്പിച്ചു പറയാനാകും. ജീവിതത്തെ നിസ്വാര്‍ത്ഥ സേവനത്തിന്റെ പര്യായമാക്കി മാറ്റി ഹാഷിം ഹാജിയെന്ന്, മൂന്നു വര്‍ഷത്തോളം അദ്ദേഹത്തോടൊപ്പം കഴിഞ്ഞ ഒരാളെന്ന നിലയില്‍ ഇതെഴുന്നയാള്‍ക്ക് പറയാനാകും. ശരിക്കും ഒരു മാതൃകാ പുരുഷനായിരുന്നു കെ.ടി ഹാഷിം ഹാജി. റമദാനില്‍ പോലും ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്തിയാല്‍ വിശ്രമിക്കാതെ തന്റെ സഹപ്രവര്‍ത്തകരെ വിളിച്ച് സാമൂഹിക പ്രവര്‍ത്തനം നടത്തുന്നത് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയപരമായി ഞങ്ങള്‍ രണ്ട് ധ്രുവങ്ങളിലാണെങ്കിലും അദ്ദേഹം തന്റെ സംഘടനയോടും, ഉത്തരവാദിത്വത്തോടും ആത്മാര്‍ത്ഥത പുലര്‍ത്തുന്ന ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ വളരെ ബഹുമാനിക്കുന്നു. ഡ്യൂട്ടി കഴിഞ്ഞ് എല്ലാ ദിവസവും ദുബൈ കെഎംസിസിയിലേക്ക് റൂമില്‍ നിന്നിറങ്ങുന്ന അദ്ദേഹം രാത്രി വൈകി വന്നാലും രാവിലെ സുബ്ഹി നമസ്‌കാരം കഴിഞ്ഞ് നടത്തുന്ന ഖുര്‍ആന്‍ പാരായണം കൃത്യ നിഷ്ഠയുടെ തെളിവാണ്. അവധിക്ക് നാട്ടിലെത്തിയാല്‍ തിരക്കിനിടയില്‍ ദിവസേന വിളിച്ച് സഹവാസികളുടെ സുഖവിവരം അന്വേഷിക്കുന്നത് അദ്ദേഹത്തിന് അല്ലാഹു നല്‍കിയ പ്രത്യേകമായ കഴിവാണ്. ദുബൈ കെഎംസിസിയിലൂടെ തന്റെ പ്രവാസ ജീവിതം സമൂഹത്തിന് സമര്‍പ്പിച്ച കെ.ടി ഹാഷിം ഹാജിയുടെ സ്വദേശത്തേക്കുള്ള മടക്കയാത്ര ദുബൈയിലെ പ്രവര്‍ത്തകര്‍ക്ക് ഒരു ശൂന്യത സൃഷ്ടിക്കുമെങ്കിലും നാട്ടിലെ സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ രംഗങ്ങളില്‍ തുല്യതയില്ലാത്ത പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ അല്ലാഹു ഇനിയും കഴിവ് നല്‍കട്ടെയെന്ന പ്രാര്‍ത്ഥനയും യാത്രാ മംഗളങ്ങളും അര്‍പ്പിക്കുകയാണ്.

എന്‍എ ബക്കര്‍ അംഗഡിമുഗര്‍, ദുബൈ