സ്വകാര്യ സ്ഥാപന ജീവനക്കാര്‍ക്ക് വീടുകളിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം

    126

    ജലീല്‍ പട്ടാമ്പി
    ദുബൈ: ദുബൈയിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരോടും വീടുകളിലിരുന്ന് ജോലി ചെയ്യാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ബുധനാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. മാര്‍ച്ച് 25 ബുധന്‍ മുതല്‍ ഏപ്രില്‍ 9 വ്യാഴം വരെയാണ് ദുബൈ എകോണമിയുടെ ഇതുസംബന്ധിച്ച നിര്‍ദേശം പ്രാബല്യത്തിലുണ്ടാവുക.
    എന്നാല്‍, ഈ തീരുമാനത്തിന് പുറത്തുള്ള സ്ഥാപനങ്ങള്‍ ഫാര്‍മസികള്‍, ഗ്രോസറി സ്‌റ്റോറുകള്‍, സൂപര്‍ മാര്‍ക്കറ്റുകള്‍, കോഓപറേറ്റീവ് സൊസൈറ്റികള്‍ എന്നിവയും; വ്യാവസായിക-ഉല്‍പാദന സ്ഥാപനങ്ങള്‍, നിര്‍മാണ-കരാര്‍ സ്ഥാപനങ്ങള്‍, ബില്‍ഡിംഗ് മെറ്റീരിയല്‍സ് സ്ഥാപനങ്ങള്‍, സുരക്ഷാ സേവനങ്ങള്‍, ലോജിസ്റ്റിക്‌സ്-ഡെലിവറി സേവനങ്ങള്‍, സപ്‌ളൈ ചെയിനുകള്‍, വര്‍ക് ഷോപ്പുകള്‍, ക്‌ളീനിംഗ് സര്‍വീസുകള്‍, കാഷ് ട്രാന്‍സ്‌പോര്‍ട്ട്, ബാങ്കിംഗ് എന്നിവയുമാണ്.
    ഇതനുസരിച്ച്, ദുബൈ സ്വകാര്യ മേഖലയിലെ 80 ശതമാനം പേരും വിദൂര ജോലി സമ്പ്രദായത്തിലായി (റിമോട്ട് വര്‍ക് സിസ്റ്റം) മാറും. കോവിഡ് 19 പരിത:സ്ഥിതിയില്‍ പൊതുജനാരോഗ്യം ഉറപ്പു വരുത്താനാണ് അധികൃതര്‍ ഈ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വ്യക്തി ശുചിത്വവും സാമൂഹിക അകല പാലനവും ഇതു വഴി പാലിക്കാനാകും. ബന്ധപ്പെട്ട നിര്‍ദേശം മുഴുവന്‍ കമ്പനികളും നടപ്പാക്കണമെന്നും അധികൃതര്‍ അറിയിച്ചു.