സ്വകാര്യ സ്ഥാപന തൊഴിലാളികള്‍: അനുയോജ്യ നടപടിയെടുക്കാന്‍ അനുമതി

അബുദാബി: കൊറോണ വൈറസ് വ്യാപനത്തന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ കാര്യത്തില്‍ അനുയോജ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യുഎഇ മനുഷ്യ വിഭവ-സ്വദേശിവത്കരണ മരന്താലയം സ്ഥാപന ഉടമകള്‍ക്ക് അനുമതി നല്‍കി.
തൊഴിലാളികള്‍ക്ക് ശമ്പളത്തോടു കൂടിയ അവധി, ശമ്പളമല്ലാത്ത അവധി, കൊറോണ കാലയളവില്‍ ശമ്പളം വെട്ടിക്കുറക്കുക, സ്ഥിരമായി ശമ്പളം വെട്ടിക്കുറക്കുക, തൊഴിലാളികളെ ഒഴിവാക്കുക ഇതില്‍ ഏത് വേണമെങ്കിലും സ്വീകരിക്കാവുന്നതാണ്.
താല്‍ക്കാലികമായി വേതനം വെട്ടിക്കുറക്കുന്നവര്‍ ഇതുസംബന്ധിച്ച് തൊഴിലാളികളുമായി ധാരണാ പത്രം ഒപ്പു വെക്കണം. നിശ്ചിത കാലാവധി രേഖപ്പെടുത്തി ഇതിന്റെ കോപ്പികള്‍ തൊഴിലുടമയും തൊഴിലാളിയും കൈവശം വെക്കണം. സ്ഥിരമായി വേതനം കുറക്കുകയാണെങ്കില്‍ മന്ത്രാലയത്തിന്റെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങേണ്ടതാണ്. ഇതോടെ, തൊഴില്‍ കരാറില്‍ മാറ്റം വരികയും ചെയ്യും.
ആവശ്യത്തിലധികം ജീവനക്കാരുണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ തൊഴില്‍ വിപണിയില്‍ നല്‍കിയാല്‍ ആവശ്യക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. ഇത്തരം തൊഴിലാളികളെ ആവശ്യമുള്ളവര്‍ക്ക് തൊഴില്‍ മന്ത്രാലയം നല്‍കുന്ന പ്രത്യേക അനുമതിയിലൂടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. തൊഴിലാളികള്‍ക്കായി വിദൂര തൊഴില്‍ സംവിധാനം ഏര്‍പ്പെടുത്താവുന്നതാണെന്നും ഇതുസംബന്ധിച്ച ഉത്തരവില്‍ പറയുന്നു.