ഇന്ത്യയിലെത്തുന്ന പ്രവാസികള്‍ക്ക് 14 ദിവസത്തെ ക്വാറന്‍ടൈന്‍

    ദുബൈ: ഗള്‍ഫ് നാടുകളില്‍ നിന്നും ഇന്ത്യയിലെത്തുന്ന പ്രവാസികള്‍ പതിനാല് ദിവസത്തെ നിര്‍ബന്ധ ക്വാറന്‍ടൈന്‍ പ്രഖ്യാപിച്ചു. യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നും നാട്ടിലെത്തുന്നവര്‍ക്കാണ് ക്വാറന്‍ടൈന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയിട്ടുള്ളത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍, തുര്‍ക്കി, യുകെ എന്നീ രാജ്യക്കാര്‍ക്കും നിരോധനമുണ്ട്. ഈ മാസം 18 മുതലാണ് മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കില്ല. മാര്‍ച്ച് 30 വരെ മാത്രമാണ് ഇപ്പോഴത്തെ വിലക്കുള്ളത്. പ്രാദേശിക തലത്തില്‍ കോവിഡ്-19 പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. മന്ത്രിമാര്‍ക്ക് ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രാലയം പുറത്തിറക്കി.