ദുബൈ: രാജ്യത്തെ ആരോഗ്യസംവിധാനം നിര്‍ദേശിക്കുന്ന ക്വാറന്റീന്‍ അടക്കമുള്ള പ്രോട്ടോകോള്‍ പാലിക്കാത്തവര്‍ക്ക് യുഎഇയില്‍ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വരെ ലഭിച്ചേക്കുമെന്ന് ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ലോകമാകെ കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ സംശയിക്കപ്പെടുന്നവര്‍ 14 ദിവസത്തെ ക്വാറന്റീന്‍ പാലിക്കാതെ മാറി നില്‍ക്കുന്നത് നിയമലംഘനമാണെന്ന് യുഎഇ അറ്റോര്‍ണി ജനറല്‍ ഹമദ് സായിഫ് അല്‍ഷംസി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരമാളുകള്‍ പുറത്തിറങ്ങി നടക്കുന്നത് പൊതുസമൂഹത്തിനെതിരെയുള്ള വെല്ലുവിളിയായി കണക്കാക്കി സാമൂഹ്യകുറ്റമാക്കി ശിക്ഷ നടപ്പാക്കും. നിയമലംഘനത്തിന്റെ രീതിക്കനുസരിച്ച് ഫെഡറല്‍ നിയമം 14 പ്രകാരം പിഴ ഈടാക്കുകയോ ജയില്‍ ശിക്ഷ നല്‍കുകയോ ചെയ്യാം. 10,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ പിഴ ഈടാക്കാമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് പകര്‍ച്ചവ്യാധി പരത്താന്‍ മനപൂര്‍വ്വം ശ്രമിച്ചു എന്നതായിരിക്കും കുറ്റം. രോഗബാധിതനായ ഒരാള്‍ അതറിഞ്ഞുകൊണ്ട് മറ്റൊരാള്‍ക്ക് പകര്‍ത്താന്‍ ശ്രമിച്ചാലും അതുമൂലം ഒരാള്‍ മരിക്കാനിടയായാലും കുറ്റത്തിന്റെ തീവ്രത കൂടും.