മുക്കം : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ ആശുപത്രികളില്‍ വെന്റിലേറ്റര്‍, ഐ.സി.യു, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് രാഹുല്‍ ഗാന്ധി എം .പി രണ്ടു കോടി എഴുപത് ലക്ഷത്തി അറുപതിനായിരം (270.60ലക്ഷം) രൂപ അനുവദിച്ചതായി രാഹുല്‍ ഗാന്ധി എം പി യുടെ ഓഫീസ് അറിയിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക്, കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു, വയനാട് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുല്ല എന്നിവരുമായി ഫോണില്‍ സംസാരിച്ചിരുന്നു. ജില്ലകളിലെ പ്രതിരോധ സാമഗ്രികളുടെ ആവശ്യകതയായിരുന്നു ഇവര്‍ എം.പിയുടെ ശ്രദ്ധയില്‍പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടമെന്നോണം 50 തെര്‍മല്‍ സ്കാനര്‍, ഇരുപതിനായിരം മാസ്ക്, ആയിരം ലിറ്റര്‍ സാനിറ്ററേസര്‍ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് കൈമാറിയിരുന്നു. രണ്ടാം ഘട്ടമെന്നോണമാണ് എം.പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ്, മഞ്ചേരി മെഡിക്കല്‍ കോളേജ്, മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ വെന്റിലേറ്റര്‍, ഐ.സി.യു ക്രമീകരണം , കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഫണ്ട് വകയിരുത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍, ഐ.സി.യു, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 25 ലക്ഷം, മഞ്ചേരി മെഡിക്കല്‍ കോളജ് 145.60 ലക്ഷം, വയനാട് ജില്ലാ ആശുപത്രി 100 ലക്ഷം എന്നിങ്ങനെയാണ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള തുക അനുവദിച്ചത് ഇതിനു പുറമെ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ച് ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ മെമ്പര്‍ ഡോ. അമീ യാജ്നിക്ക് തന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് വെന്റിലേറ്ററും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 25 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്.