നിഴല്‍പോലെ ഒപ്പം നിന്നു; കുടുംബത്തിന് തണലായത് രാഹുല്‍

ന്യൂഡല്‍ഹി:  ഏഴുവര്‍ഷവും മൂന്നുമാസവും നീണ്ട നിയമപോരാട്ടമാണ്  നിര്‍ഭയയുടെ വീട്ടുകാര്‍ നടത്തിയത്. ഒരു ഘട്ടത്തിലും പിന്‍വാങ്ങില്ലെന്നുറപ്പിച്ച് നടത്തിയ ധീരമായ പോരാട്ടം. നിര്‍ഭയക്ക് നീതിക്കായി രാജ്യമൊന്നടക്കം അവരോടൊപ്പം ഉണ്ടായിരുന്നുവെങ്കിലും മുന്നില്‍ നിന്ന് നയിച്ചവരില്‍ പ്രമുഖന്‍ രാഹുല്‍ ഗാന്ധിയായിരുന്നു. പക്ഷേ നിര്‍ഭയയുടെ വീട്ടുകാര്‍ക്കൊപ്പം താനുണ്ടെന്ന് ഒരു ഘട്ടത്തിലും രാഹുല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയോ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയോ ചെയ്തില്ല.
നിര്‍ഭയയുടെ മാതാപിതാക്കള്‍ക്കൊപ്പം നിശബ്ദ സാന്നിധ്യമായി അവരുടെ പോരാട്ടവീര്യത്തിന് ഊര്‍ജം പകരുകയായിരുന്നു രാഹുല്‍. വൈകാരിക പിന്തുണമാത്രമായിരുന്നില്ല, സാമ്പത്തികമായും ആ കുടുംബത്തിന് കൈത്താങ്ങുനല്‍കിയത് രാഹുലാണ്. ഞങ്ങള്‍ക്കൊപ്പം എല്ലായ്‌പ്പോഴും നിന്നത് , പരിപാലിച്ചത് ഗാന്ധിയാണ്, ഞങ്ങളോട് അക്കാര്യം രഹസ്യമായി വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.  2017ല്‍ നിര്‍ഭയയുടെ പിതാവ് ബദ്രിനാഥ് ഒരു അഭിമുഖത്തിനിടെ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. ഒരിക്കലും മാഞ്ഞുപോകാത്ത മുറിപ്പാടാണ് ആ സംഭവം മനസ്സില്‍ ഏല്‍പ്പിച്ചത്. അപ്പോഴാണ് ഒരു ദൈവദൂതനെപ്പോലെ രാഹുല്‍ ഞങ്ങള്‍ക്ക് മുന്നിലെത്തുന്നത്. രാഷ്ട്രീയം എന്തായാലും അദ്ദേഹം ഞങ്ങള്‍ക്ക് ദേവദൂതനായിരുന്നു.
ദുരനുഭവത്തില്‍ തളര്‍ന്നുപോയ അവളുടെ സഹോദരന് രാഹുല്‍ കൗണ്‍സിലിങ് നല്‍കി. പൈലറ്റ് പരിശീലനത്തിന് വേണ്ട സഹായങ്ങളെല്ലാം ചെയ്തുനല്‍കി. ഇന്ന് എന്റെ മകന്‍ പൈലറ്റാണ് അത് സാധ്യമായത് രാഹുല്‍ ഉണ്ടായതുകൊണ്ടാണ്. എനിക്ക് രാഷ്ട്രീയ താല്‍പര്യങ്ങളില്ല, രാഹുല്‍ ഗാന്ധി ഞങ്ങളെ സമീപിച്ചതും രാഷ്ട്രീയ അജണ്ടകളുമായല്ല. അദ്ദേഹം ഞങ്ങളെ സഹായിച്ചെന്ന സത്യം എന്നും സത്യമായി തന്നെ നിലനില്‍ക്കും. അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.രാഷ്ട്രീയത്തിന് വേണ്ടിയല്ല താനിതെല്ലാം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമങ്ങളോട് പറയരുതെന്ന് ഞങ്ങളോട് പലതവണ അദ്ദേഹം നിര്‍ദേശിച്ചിരുന്നു. അത് മനുഷ്യത്വമാണ് രാഷ്ട്രീയമല്ല- ബദ്രിനാഥ് പറയുന്നു.
ഇന്നലെ പുലര്‍ച്ചെ 5.30നാണ് നാല് പ്രതികളെയും തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്. തന്നെ ഉപദ്രവിച്ചവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന നിര്‍ഭയയുടെ അവസാനത്തെ ആഗ്രഹമാണ് ഏഴുവര്‍ഷത്തോളം നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ നടപ്പിലായത്. വലിയതോതിലുള്ള നിയമ പോരാട്ടമാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് തടയുന്നതിനായി നടന്നത്. നിയമത്തിലെ പഴുതുകളും വ്യവസ്ഥകളും ഉപയോഗിച്ച് ശിക്ഷ നടപ്പാക്കാനുള്ള മരണ വാറണ്ട് പലതവണ റദ്ദുചെയ്യുന്ന സാഹചര്യമുണ്ടായി. നിയമനടപടികളിലൂടെ പരമാവധി ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടു പോകുന്ന സാഹചര്യമായിരുന്നു പ്രതികള്‍ സൃഷ്ടിച്ചത്.