അനുകൂല വിധികള്‍ക്കുള്ള പ്രത്യുപകാരമെന്ന് വിമര്‍ശം

16

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാംഗമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വിവാദമാകുന്നു. ജഡ്ജിയായിരിക്കെ പുറപ്പെടുവിച്ച അനൂകൂല വിധികള്‍ക്കുള്ള പ്രത്യുപകാരമാണിതെന്നാണ്് വിമര്‍ശനം. വിരമിച്ച മുന്‍ ജഡ്ജിമാരും പ്രതിപക്ഷ കക്ഷികളും അടക്കം നിരവധിപേര്‍ കേന്ദ്ര നീക്കത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി.
വിരിമിക്കലിന് ശേഷം പദവികള്‍ ഏറ്റെടുക്കുന്നത് ജൂഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കളങ്കമാണെന്ന് ഗൊഗോയി നേരത്തെ ഒരു വിധിയില്‍ നിരീക്ഷിച്ചിരുന്നു. അതേ വ്യക്തി ചീഫ്ജസ്റ്റിസായി വിരമിച്ച് നാല് മാസം തികയുമ്പോള്‍ രാജ്യസഭാംഗത്വം സ്വീകരിക്കുന്നതിന്റെ വിരോധാഭാസമാണ് ചോദ്യം ചെയ്യപ്പെടുന്നത്. സുപ്രീംകോടതിയില്‍ ഗൊഗോയിയുടെ സഹജഡ്ജിയായിരുന്ന ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അതിരൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും വിശ്വാസ്യതയും ചോദ്യം ചെയ്യുന്നതാണ് തീരുമാനമെന്ന് മദന്‍ ബി ലോക്കൂര്‍ പറഞ്ഞു. ഗൊഗോയിക്ക് സ്ഥാനം കിട്ടുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. അതുകൊണ്ട് ഇതില്‍ അദ്ഭുതപ്പെടാന്‍ ഒന്നുമില്ല. ഇത്രവേഗം കിട്ടിയതിലേ അത്്ഭുതമുളളതെലോക്കൂര്‍ തുറന്നടിച്ചു. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന നടപടിയാണിത്. ഈ നടപടി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, നിഷ്പക്ഷത, ധാര്‍മ്മികത എന്നിവയെ പുനര്‍നിര്‍വചിക്കുകയാണ്. അവസാന അഭയവും ഇല്ലാതായോ എന്നും അദ്ദേഹം ചോദിച്ചു.
2018 ജനുവരിയില്‍ സുപ്രീംകോടതിയിലെ മോശം പ്രവണതകള്‍ ചൂണ്ടിക്കാട്ടി മുന്‍ചീഫ്ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ വാര്‍ത്ത സമ്മേളനം നടത്തിയ നാല് ജഡ്ജിമാരില്‍ ഗൊഗോയിയും ലോക്കൂറും ഉണ്ടായിരുന്നു. ഗൊഗോയിയുടെ സ്ഥാനാര്‍ത്ഥിത്വം ആശ്ചര്യകരമെന്ന് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫും പ്രതികരിച്ചു. ജുഡീഷ്യറിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ജഡ്ജിമാര്‍ നിഷ്പക്ഷരല്ലെന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കുന്നത് നല്ലതല്ല. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനായി വാദിച്ച ഗൊഗോയ് സ്ഥാനാര്‍ത്ഥിയാകുന്നത് അത്ഭുതകരകരമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം വിശ്വാസ്യത മാത്രമല്ല ജൂഡീഷ്യറിയുടെ വിശ്വാസ്യതയും ഗൊഗോയി ബലികഴിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ കുറ്റപ്പെടുത്തി.
അയോധ്യ, റഫാല്‍, അസം എന്‍.ആര്‍.സി തുടങ്ങിയ കേസുകളില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി വിധി പറഞ്ഞതിനുള്ള പ്രത്യുപകാരമാണിതെന്ന് എം.പിമാരായ മഹുവാ മൊയ്ത്ര, അസദുദ്ദീന്‍ ഉവൈസി എന്നിവര്‍ വിമര്‍ശിച്ചു. പദവി നിരസിക്കാന്‍ ഗൊഗോയി തയ്യാറാകണമെന്ന് മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടു. വിരമിക്കുന്നതിന് ശേഷം പദവികള്‍ സ്വീകരിക്കുന്നതിനെ വിമര്‍ശിക്കുന്ന സ്വന്തം വിധിയോടെങ്കിലും ഗൊഗോയി നീതി പുലര്‍ത്തണമെന്നായിരുന്നു സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം. തിങ്കളാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗൊഗോയിയെ രാജ്യസഭയിലേക്ക് ശുപാര്‍ശ ചെയ്തത്.
കഴിഞ്ഞ നവംബര്‍ 17ന് വിരമിക്കുന്നതിന് തൊട്ടുമുമ്പ് വിവാദമായ ഒട്ടെറെ വിധികളാണ് ഗൊഗോയി പുറപ്പെടുവ്വിച്ചത്. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി രാമക്ഷേത്ര നിര്‍മാണത്തിന് വിട്ടതും ശബരിമലയിലെ യുവതി പ്രവേശത്തിനെതിരായ പുന:പരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടതും റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയതും അതില്‍ ചിലതാണ്. ജനുവരി 27 ന് ഗൊഗോയിയുടെ സഹോദരന്‍ റിട്ടയര്‍ഡ് എയര്‍ മാര്‍ഷല്‍ അഞ്ജന്‍ കുമാര്‍ ഗൊഗോയിയെ നോര്‍ത്ത് ഈസ്‌റ്റേണ്‍ കൗണ്‍സില്‍ അംഗമായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതും വിവാദമായിരുന്നു.