കോവിഡ് 19: ചൈനീസ് പ്രസിഡന്റിനെ വിമര്‍ശിച്ച മുന്‍ മന്ത്രിയെ കാണാനില്ല

42
റെന്‍ സീക്വിയാങ്‌

ചൈനയില്‍ കോവിഡ് 19 ഫലപ്രദമായി തടയുന്നതില്‍ പ്രസിഡന്റ് ഷി ജിന്‍പിങിന് വീഴ്ച പറ്റിയെന്ന് പരസ്യ വിമര്‍ശനം നടത്തിയ മുന്‍ മന്ത്രി റെന്‍ സീക്വിയാങിനെ കാണാനില്ല. അധികാരത്തിനുവേണ്ടി ദാഹിക്കുന്ന കോമാളിയെന്നാണ് അദ്ദേഹം ജിന്‍പിങിനെ വിശേഷിപ്പിച്ചത്. ചൈനീസ് മന്ത്രിസഭയില്‍ ഭവനനിര്‍മാണ വകുപ്പ് കൈകാര്യം ചെയ്തിരുന്ന റെന്‍ സീക്വിയാങ് വ്യവസായ പ്രമുഖന്‍ കൂടിയാണ്. മാര്‍ച്ച് 12 മുതല്‍ അദ്ദേഹം ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സീക്വിയാങിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയോട് പൊലീസ് മുഖംതിരിച്ചതോടെ വിഷയം അന്താരഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തായായിരിക്കുകയാണ്.
ലോകമെങ്ങും അറിയപ്പെടുന്ന വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന് മറഞ്ഞിരിക്കാന്‍ സാധിക്കില്ലെന്ന് സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടുന്നു. കമ്യൂണിസ്റ്റ് ഭരണകൂടം അറിയാതെ സീക്വിയാങിന്റെ തിരോധാനം സംഭവിക്കില്ലെന്നാണ് അവര്‍ പറയുന്നത്. ഹ്യൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയില്‍ ചൈനയില്‍ മാത്രം ഇതുവരെ 3213 പേര്‍ മരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് അത് ലോകമെങ്ങും പടര്‍ന്നു. രോഗത്തിന്റെ ഗൗരവം കണ്ടറിഞ്ഞ് തുടക്കത്തില്‍ തന്നെ നിയന്ത്രിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടതായി സീക്വിയാങ് ആരോപിച്ചിരുന്നു. ചൈനീസ് പ്രസിഡന്റിന്റെ ധിക്കാരപരമായ നിലപാടാണ് കൊറോണ പടര്‍ന്നുപിടിക്കാന്‍ കാരണമായതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം എഴുതിയ ലേഖനത്തിന് സമൂഹമാധ്യങ്ങളില്‍  വന്‍ പ്രചാരമാണ് ലഭിച്ചത്.
പുത്തന്‍ വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനെത്തിയ ചക്രവര്‍ത്തിയല്ല ജിന്‍പിങ് എന്നും അധികാരക്കൊതി മൂത്ത് സ്വയം വിവസ്ത്രനായ കോമാളിയാണ് അദ്ദേഹമെന്നും പ്രസിഡന്റിന്റെ പേരെടുത്ത് പറയാതെ റെന്‍ സീക്വിയാങ് വിമര്‍ശനമുന്നയിച്ചിരുന്നു. ഇന്റര്‍നെറ്റിനും ആശയപ്രചാരണത്തിനും അധികാരികള്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടാന്‍ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി. ചൈനയില്‍ പകര്‍ച്ചവ്യാധിയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയത് ഡോക്ടര്‍ ലീ വെന്‍ലിയാങ് എന്ന 34കാരനായിരുന്നു. വെന്‍ലിയാങിന്റെ വാക്കുകള്‍ ഗൗരവത്തിലെടുത്ത് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനുപകരം അപവാദ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയാണ് ചൈനീസ് പൊലീസ് ചെയ്തത്. മാത്രമല്ല, അദ്ദേഹത്തില്‍നിന്ന് മാപ്പപേക്ഷ ബലമായി എഴുതി വാങ്ങുകയും ചെയ്തു.
ദിവസങ്ങള്‍ക്കകം വെന്‍ലിയാങ് കൊറോണ ബാധിച്ച് മരിച്ചതോടെ രോഗത്തിന്റെ ഗൗരവം ലോകം തിരിച്ചറിഞ്ഞു. ഇന്റര്‍നെറ്റിനും ആശയപ്രചാരണത്തിനും വിലക്കേര്‍പ്പെടുത്തിയ അധികാരികളുടെ തീരുമാനത്തെ ചോദ്യം ചെയ്തതിന് ശേഷമാണ് റെന്‍ സീക്വിയാങിനെ കാണാതായത്. 2016ല്‍ സര്‍ക്കാര്‍ നയങ്ങളെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സീക്വിയാങിന്റെ മൂന്നു കോടിയിലേറെ പേര്‍ പിന്തുടരുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഭരണകൂടം നീക്കുകയും ചെയ്തു.