വ്യാപാരികള്‍ക്ക് മൂന്നു മാസ വാടക സൗജന്യമാക്കി പ്രമുഖ മാള്‍ ഗ്രൂപ്

ദുബൈ: യുഎഇയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ഫുതൈം അതിന്റെ കീഴിലുള്ള വിവിധ മാളുകളിലെ കച്ചവടക്കാര്‍ക്ക് മൂന്നു മാസത്തെ വാടക സൗജന്യമാക്കി ഉദാരത പ്രകടിപ്പിച്ചു. കോവിഡ് 18നെ തുടര്‍ന്ന് വ്യാപാരമില്ലാതെ പ്രതിസന്ധി നേരിടുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമായിരിക്കുകയാണ്. ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാളിലെയും ഫെസ്റ്റിവല്‍ പ്‌ളാസ മാളിലെയും ഷോപ്പുടമകള്‍ക്കാണ് ഈ വാടക സൗജന്യം ഗുണം ചെയ്തിരിക്കുന്നത്. മൊത്തം 100 മില്യന്‍ ദിര്‍ഹമിന്റെ വാടകയാണ് ഇതുവഴി അല്‍ഫുതൈം ഗ്രൂപ് ഒഴിവാക്കിക്കൊടുത്തിരിക്കുന്നത്.
കോവിഡ് 19 കാരണം ബിസിനസ് മേഖലയില്‍ മാന്ദ്യവും സാമ്പത്തിക ഭാരവും കുറക്കാന്‍ ഷോപ്പുടമകള്‍ക്ക് ഇത് പ്രയോജനപ്പെടുമെന്ന് അല്‍ഫുതൈം ഗ്രൂപ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മൂന്നു മാസ വാടക സൗജന്യം അര്‍ഹരായ കടയുടമകള്‍ക്ക് നല്‍കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.