റിയാദ്: സഊദിയില്‍ ഇന്നലെ മുതല്‍ 21 ദിവസത്തേക്ക് രാത്രി കാല കര്‍ഫ്യൂ. സഊദി ഭരണാധികാരി സല്മാന് രാജാവാണ് ഇതുംബന്ധിച്ച ഉത്തരവിട്ടത്. രാത്രി 7 മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊറോണ വ്യാപനം തടയാനുള്ള കര്‍ശന നിയന്ത്രണത്തിന്റെ ഭാഗമായാണ് നിരോധനാജ്ഞ. കര്‍ഫ്യൂ നടപ്പാക്കുന്നതിന് സിവില്‍-സൈനിക വിഭാഗങ്ങള്‍ ആഭ്യന്തര മന്ത്രാലയവുമായി സഹകരിക്കണം. സുരക്ഷാ-സൈനിക-മാധ്യമ-ആരോഗ്യ-തന്ത്രപ്രധാന മേഖലകളെ നിബന്ധനകള്‍ക്ക് വിധേയമായി കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ സ്വദേശികളും വിദേശികളും പുറത്തിറങ്ങരുതെന്നും പൊതുജനാരോഗ്യം സംരക്ഷിക്കുകയെന്നത് രാജ്യത്തുള്ള എല്ലാവരുടെയും ബാധ്യതയാണെന്നും മഹാമാരിയുടെ വ്യാപനത്തിന് ആരും കാരണക്കാരാവരുതെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഉത്തരവ് ലംഘിച്ചാല്‍ കടുത്ത ശിക്ഷാ നടപടികള്‍ ഉണ്ടാകും. ഇതിനായി പ്രത്യേക പരിശോധനാ സംഘം പ്രവര്‍ത്തിക്കും.
ബഖാലകള്‍, സൂപര്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറി-കോഴി-മാംസം-റൊട്ടി, ഭക്ഷ്യ വസ്തുക്കളുടെ ഫാക്ടറി എന്നിവയുള്‍ക്കൊളളുന്ന ഭക്ഷ്യ വിതരണ മേഖലയും ഫാര്‍മസി, പോളി ക്ളിനിക്കുകള്‍, ആശുപത്രികള്‍, ലാബുകള്‍, മെഡിക്കല്‍ ഉപകരണങ്ങളുടെ ഫാക്ടണുറി എന്നിവ ഉള്‍ക്കൊള്ളുന്ന ആരോഗ്യ മേഖലയും എല്ലാ വിധ വാര്‍ത്താ വിതരണവും ഉള്‍ക്കൊള്ളുന്ന മാധ്യമ മേഖല, ചരക്ക് നീക്കം, പോസ്റ്റല്‍, കസ്റ്റംസ് ക്ളിയറന്‍സ്, ലോജിസ്റ്റിക്സ്, ഗോഡൗണ്‍, ആരോഗ്യ-ഭക്ഷ്യ മേഖലയിലേക്കുള്ള വിതരണ ശൃംഖലയും തുറമുഖ പ്രവര്‍ത്തനം എന്നിവയുള്‍പ്പെടെ ഗതാഗത മേഖലയും അവശ്യ സര്‍വീസുകളായി പരിഗണിച്ച് ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഓണ്‍ലൈന്‍ ആപ്ളികേഷന്‍ മുഖേനയുള്ള വ്യാപാര മേഖല, ഫര്‍ണിഷ്ഡ് അപാര്‍ട്മെന്റുകളും ഹോട്ടലുകളും, പെട്രോള്‍ പമ്പുകളും സഊദി ഇലക്ട്രിക് കമ്പനിയുടെ എമര്‍ജെന്‍സി സേവനവും, ആരോഗ്യ-വാഹന ഇന്‍ഷുറന്‍സ് മേഖലകള്‍, ടെലികോം മേഖല, വീടുകളിലേക്ക് വെള്ളമെത്തിക്കുന്നതുള്പ്പെടെയുള്ള ജലവിതരണ സേവനം എന്നിവയെയും നിരോധനാജ്ഞയില്‍ നിന്നൊഴിവാക്കിയാതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സൈനിക-ആരോഗ്യ-സുരക്ഷാ വിഭാഗങ്ങളുടെ വാഹനങ്ങളും സര്‍ക്കാര്‍ നിരീക്ഷകരുടെയും വാഹനങ്ങളും ഈ സമയത്ത് പ്രവര്‍ത്തന സജ്ജമായിരിക്കും. ഓണ്‍ലൈന്‍ ആപ്ളികേഷന്‍ വഴി വീടുകളിലേക്ക് ഭക്ഷണം, മരുന്ന് എന്നിവ ഓര്‍ഡര്‍ പ്രകാരം എത്തിച്ചു കൊടുക്കുന്ന സേവനത്തിനും വിലക്കുണ്ടാവില്ല. ബാങ്ക് വിളിക്കാന്‍ പള്ളിയിലേക്ക് പോകുന്ന മുഅദ്ദിന്, ഡിപ്ളോമാറ്റുകള്‍, അന്താരാഷ്ട്ര സംഘടനാ പ്രതിനിധികള്‍, ഡിപ്ളോമാറ്റിക് കോര്‍ട്ടില്‍ താമസിക്കുന്നവര്‍ എന്നിവരെയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കര്‍ഫ്യൂവില്‍ നിന്ന് ഏതൊക്കെ മേഖല ഒഴിവാണെന്നറിയാന്‍ മക്ക പ്രവിശ്യയില്‍ 911, മറ്റു പ്രവിശ്യകളില്‍ 999 ടോള്‍ ഫ്രീ നമ്പറിലും ബന്ധപ്പെടാം.
കര്‍ഫ്യൂ ലംഘിച്ചാല്‍ പിഴയും തടവും:
സഊദിയില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 562
റിയാദ്: പുതുതായി 51 പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തിയതോടെ സഊദിയില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 562 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ന് രോഗ നിര്‍ണയം നടത്തിയവരില്‍ 26 പേര് വിദേശങ്ങളില്‍ നിന്ന് വന്നവരാണ്. ബാക്കി 25 പേര്‍ക്ക് രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് പകര്‍ന്നത്. റിയാദ് 18, മക്ക 12, തായിഫ് 6, ബിഷ 5, ദമ്മാം 3, ഖത്തീഫ് 3, ജിസാന്‍ 2, ഖുന്‍ഫുദ 1, നജ്റാന് 1 എന്നിവിടങ്ങളിലാണ് പുതുതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 19 പേര്‍ക്ക് ഇതിനകം രോഗം പൂര്‍ണമായും ഭേദമായി. രണ്ടു പേര് തീവ്ര പരിചരണ വിഭാഗത്തിലുണ്ട്. ഇതോടെ, ഗള്‍ഫ് മേഖലയില്‍ ഏറ്റവുമധികം കൊറോണ ബാധ കണ്ടെത്തിയത് സഊദിയിലായി.
ശക്തമായ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി രാജ്യത്തെങ്ങും ഇന്ന് രാത്രി 7 മുതല്‍ രാവിലെ ആറു വരെ നീളുന്ന രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്ക് ആദ്യ തവണ 10,000 റിയാലും, രണ്ടാം തവണ 20,000 റിയാലും പിഴയും പരമാവധി 20 ദിവസത്തെ തടവുമാണ് ശിക്ഷയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.