രോഗപ്രതിരോധ മുന്‍കരുതല്‍: പൊതു പരിപാടികള്‍ മാറ്റിവെക്കുക -കെഎംസിസി

ഫുജൈറ: കൊറോണ വൈറസ് ബാധ മൂലം ലോകം ഒന്നടങ്കം ഭീതിയിലാണ്. പെട്ടെന്നു പടരുന്ന വൈറസായതിനാല്‍ രോഗപ്രതിരോധത്തിനാവശ്യമായ മുന്‍കരുതലുകളെടുക്കുകയും ലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുകയും ചെയ്താല്‍ ഭീതിയകറ്റാനാകും. പൊതുജനാരോഗ്യ കാര്യത്തില്‍ മാതൃകയായ യുഎഇ അതുകൊണ്ട് തന്നെ, കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. അവ പാലിക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ കെഎംസിസി കമ്മിറ്റികളും നിശ്ചയിച്ച പൊതുപരിപാടികള്‍ മാറ്റി വെക്കുകയോ ഒഴിച്ചുകൂടാനാവാത്ത പരിപാടികള്‍ പ്രതിരോധ മുന്‍കരുതലുകളോടെ നടത്തുകയോ വേണമെന്ന് യുഎഇ നാഷണല്‍ കെഎംസിസി കമ്മിറ്റി അറിയിച്ചു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ യുഎഇയില്‍ സ്‌കൂളുകളും കോളജുകളും അടക്കുകയും കൊറോണ വൈറസ് വ്യാപനം തടയാനുള്ള മുന്‍കരുതല്‍ നടപടികള്‍ സജീവമാക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അവധി നേരത്തെ നല്‍കിയിരിക്കുകയാണ്. വെള്ളിയാഴ്ച നിര്‍ബന്ധിത പ്രാര്‍ത്ഥന പോലും ശ്രദ്ധയോടെ പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍, പൊതുജനാരോഗ്യം ഉറപ്പു വരുത്താനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി പൊതുപരിപാടികളെല്ലാം നിര്‍ത്തി വെക്കുകയാണ് ഭാരവാഹികളും പ്രവര്‍ത്തകരും ചെയ്യേണ്ടതെന്നും നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, ജന.സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ട്രഷറര്‍ യു.അബ്ദുല്ല ഫാറൂഖി, സീനിയര്‍ വൈസ് പ്രസിഡന്റ് അഷ്‌റഫ് പള്ളിക്കണ്ടം, മറ്റു ഭാരവാഹികളായ ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, എം.പി.എം റഷീദ്, നിസാര്‍ തളങ്കര, അഡ്വ. കെ.വി മുഹമ്മദ്കുഞ്ഞി, പി.കെ.എ കരീം, സൂപ്പി പാതിരിപ്പറ്റ, അബു ചിറക്കല്‍, മുസ്തഫ മുട്ടുങ്ങല്‍ എന്നിവര്‍ പറഞ്ഞു.