ലണ്ടന്‍: സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയും വീട്ടുതടങ്കലില്‍. യുവന്തസ് സഹതാരം ഡാനിയേല്‍ റുഗാനിക്ക് കോവിഡ് സ്ഥീരികരിച്ചതോടെയാണ് സൂപ്പര്‍ താരം പോര്‍ച്ചുഗലിലെ മേദേര ദ്വീപിലെ വിട്ടില്‍ തന്നെ തങ്ങുന്നത്. കഴിഞ്ഞ ഞായായറാഴ്ച്ച നടന്ന സിരിയ എ പോരാട്ടത്തില്‍ റൊണാള്‍ഡോ നയിച്ച യുവന്തസ് കരുത്തരായ ഇന്റര്‍ മിലാനെ രണ്ട് ഗോളിന് കീഴടക്കിയിരുന്നു. ഈ മല്‍സരത്തില്‍ റൊണാള്‍ഡോക്കൊപ്പം കളിച്ച താരമാണ് റുഗാനി. അദ്ദേഹത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ടീം ഒന്നടങ്കം കരുതലിലായി. ഈ മല്‍സരത്തിന് ശേഷമായിരുന്നു ചികില്‍സയിലുളള മാതാവിനെ കാണാന്‍ റൊണാള്‍ഡോ കുടുംബസമേതം പോര്‍ച്ചുഗലിലെത്തിയത്. സഹതാരത്തിന് രോഗം പിടിച്ചതോടെ അദ്ദേഹം പിന്നെ ടൂറിനിലേക്ക് മടങ്ങിയതുമില്ല.
ഇന്ററിനെതിരായ മല്‍സരത്തില്‍ അല്‍പ്പസമയം മാത്രമാണ് റുഗാനി കളിച്ചത്. എങ്കിലും അദ്ദേഹവുമായി ഇടപഴകിയവരെയെല്ലാം നിരീക്ഷണത്തില്‍ വെച്ചിരിക്കയാണ്. യുവന്തസ് താരങ്ങളും ഇന്റര്‍ മിലാന് താരങ്ങളുമെല്ലാം ഇതോടെ തടങ്കലില്‍ അകപ്പെട്ടത് പോലെയായി. കോവിഡ് ബാധിതനായ രണ്ടാം ഫുട്ബോളറാണിപ്പോള് റുഗാനി. ജര്‍മന്‍ ക്ലബായ ഹാനോവര്‍ 96 ന്റെ ഡിഫന്‍ഡര്‍ ടിനോ ഹ്യൂബേഴ്സ് നിലവില്‍ കരുതല്‍ പാര്പ്പിലാണ്. കോവിഡ് ഏറ്റവുമധികം ബാധിച്ച യൂറോപ്യന്‍ രാജ്യമാണ് ഇറ്റലി. ഇതിനകം 827 പേരാണ് അവിടെ മാത്രം മരിച്ചത്. സിരിയ എ മല്‍സരങ്ങളെല്ലാം മാസത്തേക്ക് ഇവിടെ നിര്‍ത്തി വെച്ചിരിക്കയാണ്. ഏപ്രില്‍ മൂന്നിന് ശേഷം മാത്രമാണ് ഇനി മല്‍സരങ്ങള്‍. അടുത്ത ചൊവ്വാഴ്ച്ച ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ഫ്രഞ്ച് ക്ലബായ ലിയോണിനെ നേരിടാന്‍ ഒരുങ്ങുകായിരുന്നു യുവന്തസ്. യുവേഫ വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ മല്‍സരവും നിശ്ചയിച്ച ദിവസം നടക്കില്ല.