രുചിയൂറും ഭക്ഷണ വൈവിധ്യങ്ങളുമായി സഫാരി മാളില്‍ മലബാര്‍ ഫുഡ് ഫെസ്റ്റ്്

19
സഫാരി മാളില്‍ ഒരുക്കിയ മലബാര്‍ രുചിയുടെ മഹോത്സവം സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം ചെയ്യുന്നു

ഷാര്‍ജ: തിരമാലകള്‍ പാടുന്ന ഗസലുകളും ഇശലുകളും കേട്ട് കാറ്റാടി തണലത്തെ അരമതിലിരുന്ന് കുടുംബത്തോടൊപ്പം ആസ്വദിച്ച മലബാര്‍ രുചി നിറഞ്ഞ വൈകുന്നേരങ്ങളെ കുറിച്ചുള്ള സങ്കടം നിങ്ങളെ അലട്ടുന്നുണ്ടോ, ഉണ്ടെങ്കില്‍ അതിനുപരിഹാരമുണ്ട്, കുറഞ്ഞ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട്ടമായി മാറിയ ഷാര്‍ജ മുവൈലയിലെ സഫാരിമാളില്‍ ആരംഭിച്ച മലബാര് ഫുഡ് ഫെസ്റ്റിവലില്‍ പോയാല്‍ മതി.
മലബാര്‍ രുചിയുടെ മഹോത്സവം സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസ ഭൂമിയിലെ തിരക്കിനിടയില്‍ വീണ് കിട്ടുന്ന ഒഴിവുവേളകളില്‍, നാടിന്റെ രുചി തേടുന്നവരെ സംതൃപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കാച്ചി തുണിയും പെങ്കുപ്പായവും അണിഞ്ഞ താത്തമാരും കൈയ്യുള്ള ബനിയനും മൗലാന ലുങ്കിയും പച്ച അരപ്പട്ടയും കെട്ടിയ കാക്കമാരും സന്ദര്‍ശകരെ മലബാര്‍ തക്കാരം കൊണ്ട് മൂടുകയാണ്. സുപ്പുകള്‍ കൊണ്ടുള്ള തക്കാരത്തില്‍ തുടങ്ങി, കോഴിന്റെ ദുനിയാവ്, മീനുകള്‍ പെടപെടക്കണ അറബി കടലിന്റെ ഖുദ്‌റത്ത്, പാത്തുമ്മാടെ ആട്, ഇറച്ചി കടയില്‍ നിന്ന് കൊണ്ട് വന്ന പോത്തിറച്ച് കൊണ്ട് അപ്പപ്പോള്‍ തീര്‍ക്കുന്ന അതൃപ്പങ്ങള്‍, ദമ്മിട്ട ബിരിയാണി, അമ്മായിയുടെ പലഹാര പെരുമ, റമദാനിന് കാത്തുനില്‍ക്കാതെ വന്ന മുത്താഴ കഞ്ഞി, മരുമോളുടെ കൈപ്പുണ്യം, കിഴികളില്‍ തീര്‍ത്ത രുചി കൂട്ടുകള്‍, സഫാരിയുടെ സ്വന്തം കുലുക്കി സര്‍ബ്ബത്ത്, അവില്‍ മില്‍ക്ക് തുടങ്ങിയ മധുരങ്ങള്‍ യഥേഷ്ടം, ഉപ്പിലിട്ടവയുടെ രുചി അറിഞ്ഞാല്‍ വായില്‍ കപ്പലോടും. മിഠായി തെരുവിലെ ഹലുവയുടെ മധുരം മൊത്തം നിരത്തിയിട്ടുണ്ട്. സമാവറില്‍ തയ്യാറാക്കുന്ന തനി നാടന്‍ ചായയും ചൊടിച്ചായയും ആവോളം. പോയവാരം സമാപിച്ച നാടന്‍ തട്ടുകടക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ തട്ടുകട വൈറലായിരുന്നു. താഴത്തെ നിലയിലും രണ്ടാം നിലയിലും ആയി നടക്കുന്ന മലബാര്‍ ഫുഡ്‌ഫെസ്റ്റ് ഇന്ത്യക്കാരെയും ഇതര രാജ്യക്കാരെയും ആകര്‍ഷിക്കുന്നു. ഉത്സവത്തില്‍ ഭക്ഷണം വിളമ്പുന്നവരുടെ വസ്ത്രത്തിലെ വൈവിധ്യം കണ്ട് ഫോട്ടോ എടുക്കുന്നവര്‍ക്ക് രുചിയിലെ പുതുമയെ കുറിച്ചും പറയുമ്പോള്‍ ആയിരം നാവ്. രാവിലെ 11 മുതല്‍ രാത്രി 12 വരെ നീളുന്ന ഫെസ്റ്റിനോടനുബന്ധിച്ച് പ്രത്യേക പരിപാടികളും നടക്കുന്നുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത ഗായകന്‍ ആസിഫ് കാപ്പാടിന്റെ നേതൃത്വത്തില്‍ നടന്ന മലബാര്‍ സംഗീതോത്സവം ആസ്വദിക്കാന്‍ നൂറ് കണക്കിന് പേരാണ് എത്തിയത്.

സഫാരി മാളില്‍ ഒരുക്കിയ മലബാര്‍ രുചിയുടെ മഹോത്സവം സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം ചെയ്യുന്നു