ദുബൈ: രാജ്യത്തെ താമസക്കാര്‍ അനിവാര്യ ഘട്ടങ്ങളില്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നും മറ്റു സമയങ്ങളില്‍ പരമാവധി താമസ സ്ഥലങ്ങളില്‍ കഴിഞ്ഞുകൂടണമെന്നും ആരോഗ്യ വിദഗ്ധരും സര്‍ക്കാര്‍ ഏജന്‍സികളും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. ഒഴിവ് ദിനങ്ങളില്‍ പുറത്തിറങ്ങാതിരിക്കാന്‍ വേണ്ടിയാണ് വിനോദസഞ്ചാര കേന്ദ്രങ്ങളും പാര്‍ക്കുകളും അടച്ചിട്ടത്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച പോലും നിരവധി ആളുകളാണ് വിലക്കുകള്‍ ലംഘിച്ച് കൂട്ടത്തോടെ വിനോദങ്ങളില്‍ ഏര്‍പ്പെടാനായി പുറത്തിറങ്ങിയത്. പാര്‍ക്കുകള്‍ അടച്ചിട്ടതിനാല്‍ ഓപ്പണ്‍ പാര്‍ക്കുകളിലും ബീച്ചുകളിലും തുറന്ന സ്ഥലങ്ങളിലും എത്തി കുളിക്കുകയും കളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
കൊറോണ തങ്ങള്‍ക്കൊന്നും ബാധിക്കില്ലെന്ന രീതിയിലായിരുന്നു പലരുടെയും മനോഭാവം. ഇത്തരം കേന്ദ്രങ്ങളില്‍ രാജ്യത്തെ പൗരന്മാരായ സമൂഹത്തെ എവിടെയും കണ്ടില്ല. എല്ലാം പ്രവാസികളായിരുന്നു. ഇതില്‍ വലിയൊരു പങ്ക് മലയാളികളുമുണ്ട്. നൂറ് കണക്കിനാളുകള്‍ രാജ്യത്തെ ആസ്പത്രികളില്‍ ശ്വാസം വിടാന്‍ പോലും കഴിയാതെ ജീവനുമായി മല്ലിടുമ്പോള്‍ പലരും ക്രിക്കറ്റും ഫുട്‌ബോളും കളിച്ച് രസിക്കുകയായിരുന്നു. ഇത്തരം കളികളിലൂടെ വൈറസ് ബാധക്ക് ഏറെ സാധ്യതയുള്ളതിനാല്‍ അധികാരികള്‍ ഇത് കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. അടുത്ത് തന്നെ ഇക്കാര്യത്തിലും നിയന്ത്രണം വരാന്‍ സാധ്യതയുണ്ട്. രാജ്യത്ത് സിനിമാശാലകള്‍, ജിമ്മുകള്‍ തുടങ്ങിയവ അടച്ചിട്ടത് വൈറസ് ബാധ തടയാനാണ്. എന്നാല്‍ ഇവിടെ പോയിരുന്നവര്‍ തുറന്ന ബീച്ചുകളിലും പാര്‍ക്കുകളിലും പോവുന്നത് പതിവാക്കി. രാജ്യത്തെ മുന്‍കരുതലുകള്‍ വകവെക്കാതെ പ്രവാസികളായ സമൂഹം എല്ലാ എളുപ്പത്തിലാക്കി പൊതുഇടങ്ങളില്‍ കളിക്കാന്‍ ഇറങ്ങുന്നതിന്റെ വിവരങ്ങള്‍ രാജ്യത്തെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. ഫുട്‌ബോളും ക്രിക്കറ്റ് കളിക്കും പുറമെ കൂട്ടമായിരുന്നു സൊറപറയാനും ഹോട്ടലുകളില്‍ കൂട്ടമായിരുന്ന ഭക്ഷണം കഴിക്കാനും ഇപ്പോഴും പ്രവാസികള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്. പ്രവാസികളുടെ ഈ നടപടി ഒരിക്കലും അംഗീകരിച്ചുകൊടുക്കരുതെന്നും ഒരു സമൂഹത്തെ മുഴുവനായും അപകടത്തിലാക്കുന്നതാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ലോകത്ത് കൊറോണ പടര്‍ന്നു പിടിച്ചതിന്റെ ഭീകരത ഇവര്‍ മനസ്സിലാക്കണമെന്നും സര്‍ക്കാര്‍ നല്‍കുന്ന ഗൗരവമുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. പ്രവാസി കൂടുംബങ്ങള്‍ ചെറിയ കുട്ടികളുമായി കുടുംബത്തോടെ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും ഇറങ്ങുന്നുണ്ട്. ഇവര്‍ യാതൊരു മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചുകാണുന്നുമില്ല.