സാലികിന് ഇനി കടലാസ് അപേക്ഷയില്ല; സ്മാര്‍ട്ട് മാത്രം

ദുബൈ: സാലിക് ടാഗുകള്‍ വാങ്ങുന്ന സമയത്ത് ദുബൈയിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് നല്‍കേണ്ട സാലിക് ഫോമുകള്‍ നിര്‍ത്തലാക്കി. പകരമായി സാലിക്ക് പോര്‍ട്ടല്‍ മുഖേന (www.salik.gov.ae) അല്ലെങ്കില്‍ സ്മാര്‍ട്ട് സാലിക് ആപ്പ് വഴി സാലിക്ക് ടാഗുകള്‍ രജിസ്റ്റര്‍ ചെയ്യാനും സജീവമാക്കാനും അപേക്ഷകരോട് ആര്‍ടിഎ നിര്‍ദേശിച്ചു. ഇ-സേവനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ദുബൈ സര്‍ക്കാറിന്റെ തന്ത്രപരമായ നീക്കത്തിന് അനുസൃതമായാണ് ഈ മാറ്റം. വിപുലമായ ഉപയോഗത്തിനായി ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആരംഭിച്ച പേപ്പര്‍ലെസ് കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്ന പദ്ധതിയാണിത്. കടലാസില്ലാത്ത തൊഴില്‍ അന്തരീക്ഷം വളര്‍ത്തുന്നതിനുള്ള സാങ്കേതികവിദ്യ ഇതിലൂടെ പ്രോത്സാഹിപ്പിക്കുകയാണ്. അംഗീകൃത ഡീലര്‍മാര്‍ അല്ലെങ്കില്‍ സാലിക് വെബ്സൈറ്റ്, ആപ്ലിക്കേഷന്‍ വഴി ആവശ്യക്കാര്‍ ഒരു സാലിക്ക് ടാഗ് വാങ്ങിയാല്‍, സാലിക് ടാഗിന്റെ എണ്ണം, ട്രാഫിക് ഫയല്‍ നമ്പര്‍, മൊബൈല്‍ ഫോണ്‍ മുതലായ ലളിതമായ വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. വിജയകരമായി പൂര്‍ത്തിയാക്കുന്ന രജിസ്‌ട്രേഷന്‍ പ്രക്രിയയെക്കുറിച്ച്് അപേക്ഷകനെ അറിയിക്കും.