സ്ത്രീകളുടെയും കുട്ടികളുടെയും നിയമ പരിരക്ഷ സുപ്രധാനം: അഡ്വ. സന്തോഷ് കുമാര്‍

21
ദുബൈ കെഎംസിസി ലീഗല്‍ സെന്റര്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുടുംബ ശിശു സംരക്ഷണ നിയമ ബോധവത്കരണ സെമിനാറില്‍ അഡ്വ. സന്തോഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തുന്നു

ദുബൈ: അക്രമങ്ങളും പീഡനങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും നിയമ പരിരക്ഷ സമൂഹത്തില്‍ സുപ്രധാനമാണെന്ന് കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും ബാര്‍ കൗണ്‍സില്‍ എന്റോള്‍മെന്റ് കമ്മറ്റി
ചെയര്‍മാനുമായ അഡ്വ. പി.സന്തോഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ഇതിനു വേണ്ടി കുടുംബ ശിശു സംരക്ഷണ നിയമങ്ങള്‍ ഫലവത്തായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുബൈ കെഎംസിസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ സെന്റര്‍ ആഭിമുഖ്യത്തില്‍ ‘ഫാമിലി ആന്‍ഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ലോ’ വിഷയത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുസ്തഫ തിരൂര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഡ്വ. ഇബ്രാഹിം ഖലീല്‍ അധ്യക്ഷത വഹിച്ചു.
അഡ്വ. സാജിദ് അബൂബക്കര്‍ അഡ്വ. സന്തോഷ് കുമാറിന് ഉപഹാരം നല്‍കി. യൂസുഫ് മാസ്റ്റര്‍ പൊന്നാടയണിയിച്ചു. തമിഴ്‌നാട് സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി സയ്യിദ് പട്ടാന്‍, ഖാഇദെ മില്ലത് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എംഇഎസ് അബൂ താഹിര്‍, കെഎംസിസി വൈസ് പ്രസിഡണ്ട് മുസ്തഫ വേങ്ങര, കേരള ഹൈക്കോടതിയിലെ അഡ്വ. പ്രേം കുമാര്‍, അഡ്വ. അഷ്‌റഫ്, അഡ്വ. അനില്‍, അഡ്വ. അനുരാധ, അഡ്വ. അഫ്‌സല്‍, അഡ്വ. മുഹമ്മദ് റാഫി, അഡ്വ. സിയ, അഡ്വ. ഫൈസല്‍, അഡ്വ. നസ്‌റീന്‍, അഡ്വ. റസീന പ്രസംഗിച്ചു. മുഹമ്മദ് സാജിദ് സ്വാഗതവും അഡ്വ. നാസിയ ഷബീര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്, നിയമ അദാലത്തും നടന്നു.സൗജന്യ നിയമ സഹായത്തിന് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അഭിഭാഷകര്‍ പരിഹാര നിര്‍ദേശങ്ങള്‍ നല്‍കി.
രണ്ടാഴ്ച കൂടുമ്പോള്‍ യുഎഇയിലെ പ്രമുഖ അഭിഭാഷകരുടെ നേതൃത്വത്തില്‍ ലീഗല്‍ അദാലത്തും, രണ്ടു മാസത്തിലൊരിക്കല്‍ യുഎഇയിലെ പ്രധാന വകുപ്പ് മേധാവികളെയും കോണ്‍സുലേറ്റ് പ്രതിനിധികളെയും നിയമജ്ഞരെയും പങ്കെടുപ്പിച്ച് നിയമ ബോധവത്കരണ സെമിനാറുകളും തുടരുമെന്നും ലീഗല്‍ സെന്റര്‍ ഭാരവാഹികളായ അഡ്വ. ഇബ്രാഹിം ഖലീല്‍ (ചെയ.), അഡ്വ. മുഹമ്മദ് സാജിദ് (കണ്‍.) എന്നിവര്‍ അറിയിച്ചു.