ദുബൈ-നിലമ്പൂര്‍ മണ്ഡലം ‘റൈസ് അപ് 2020’ ശ്രദ്ധേയമായി

61
ദുബൈ - നിലമ്പൂര്‍ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച 'റൈസ് അപ് 2020' ഉദ്ഘാടനം ചെയ്ത് ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍ സംസാരിക്കുന്നു

ദുബൈ: ‘സ്വത്വ ശാക്തീകരണത്തിന്റെ കാലിക പ്രസക്തി’ എന്ന പ്രമേയത്തില്‍ നിലമ്പൂര്‍ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച ‘റൈസ് അപ് 2020’ ദുബൈ കെഎംസിസി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രശോഭിതവും മാനവികവുമായ ചിന്തകളിലൂടെയാണ് ജനതയുടെ സ്വത്വം ശാക്തീകരിക്കപ്പെടേണ്ടത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ജ്വലിച്ചു നിന്ന സമുദായ നേതാക്കളുടെ സ്വത്വവും യുക്തിയും പൊതുസമൂഹത്തോട് ചേര്‍ന്നു നിന്നായിരുന്നു കരുത്താര്‍ജിച്ചത്. ജനമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ സമുദായ നേതാക്കള്‍ക്ക് പൊതുധാരയില്‍ തിളങ്ങി നില്‍ക്കാന്‍ അവരുടെ സ്വത്വം തടസ്സമായിരുന്നില്ല. വെല്ലുവിളികള്‍ നിറഞ്ഞ വര്‍ത്തമാന കാലത്ത് സ്വത്വ ശാക്തീകരണത്തിലൂടെ മനുഷ്യത്വവും മാനവികതയും വിളിച്ചോതുന്ന ഒരു സമൂഹ ഘടന രൂപപ്പെടുത്താന്‍ ഓരോരുത്തരും ശ്രമിക്കണം. മാനവിക ഐക്യത്തിലൂന്നിയ സ്വത്വ വികാസത്തിന്റെ സദ്ഫലങ്ങള്‍ വാക്കുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും സഞ്ചാരങ്ങളിലൂടെയും സമൂഹത്തിന് നാം പകര്‍ന്ന് നല്‍കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഉണര്‍ത്തി. നിലമ്പൂര്‍ മണ്ഡലം കെഎംസിസി പ്രസിഡന്റ് പി.വി ജാബിര്‍ അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് ജന.സെക്രട്ടറി സി.എച്ച് ഇഖ്ബാല്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. അബ്ദുല്‍ സലാം പരി ആമുഖ പ്രഭാഷണം നടത്തി. നിലമ്പൂര്‍ മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സി.എച്ച് അബ്ദുല്‍ കരീം, മുന്‍ ട്രഷറര്‍ പി.എച്ച് ഇബ്രാഹിം എന്നിവര്‍ വിശിഷ്ടാതിഥികളായി. യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയംഗം ഷിബു മീരാന്റെ പ്രസംഗവും ആസാദീ ഗാനാലാപനവും സദസ്സിനെ ആവേശത്തിലാക്കി. ദുബൈ കെഎംസിസി ഭാരവാഹികളായ ഇബ്രാഹിം എളേറ്റില്‍, മുസ്തഫ തിരൂര്‍, പി.കെ അന്‍വര്‍ നഹ, അഹ്മദ് കുട്ടി മദനി, ചെമ്മുക്കന്‍ യാഹുമോന്‍, പി.വി നാസര്‍, സിദ്ദീഖ് കാലൊടി, അഡ്വ. സാജിദ് അബൂബക്കര്‍, മുസ്തഫ വേങ്ങര, കെ.പി.എ സലാം, അഷ്‌റഫ് കൊടുങ്ങല്ലൂര്‍ പ്രസംഗിച്ചു.
പ്രശസ്ത പരസ്യ മോഡല്‍ ഐസിന്‍ ഹാഷ്, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്ത ആസിഫ് അമ്പഴത്തിങ്കല്‍, പ്രളയ പുനരധിവാസത്തിന് ഭൂമി ദാനം ചെയ്ത ഷാജി കപ്പച്ചാലി, തുല്യതാ പരീക്ഷ വിജയി സജില്‍ മുഷ്താഖ് എന്നിവരെ യോഗം ആദരിച്ചു. താനൂര്‍ മണ്ഡലം കെഎംസിസിയുടെ പ്രളയ പുനരധിവാസ സഹായ ധനം ഭാരവാഹികള്‍ പി.വി ജാബിര്‍ അബ്ദുല്‍ വഹാബിന് കൈമാറി.
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം അഷ്‌റഫ് പരി വായിച്ചു. അബ്ദുന്നാസര്‍ എടപ്പറ്റ സ്വാഗതവും ഷാജഹാന്‍ ചുങ്കത്തറ നന്ദിയും പറഞ്ഞു.