സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇളവുകളുമായി സഊദി

    91

    അഷ്റഫ് വേങ്ങാട്ട്

    റിയാദ്: ആശങ്കകള്‍ക്കിടയിലും മാനുഷികമൂല്യമുയര്‍ത്തിപിടിച്ചു സഊദി. കൊറോണ കാലത്തെ പ്രതിസന്ധികളെ അതിജീവിക്കാന്‍ രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇളവുകളേര്‍പ്പെടുത്തി. ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ഇഖാമയുടെ കാലാവധി അവസാനിക്കുന്നവര്‍ക്ക് ലെവിയില്ലാതെ മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുമെന്ന് സഊദി ധനകാര്യമന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ജദ്ആന്‍ വെളിപ്പെടുത്തി. തൊഴിലുടമകളായ സ്വദേശികള്‍ക്കും തൊഴിലാളികളായ വിദേശികള്‍ക്കും ഈ കടുത്ത പരീക്ഷണകാലത്ത് ഏറെ ആശ്വാസം പകരുന്ന നടപടികള്‍ക്കാണ് ഭരണകൂടം തുടക്കമിട്ടത്. ഇക്കാലയളവില്‍ നാട്ടില്‍ പോകാനാവാതെ അടിച്ചുവെച്ച റീ എന്‍ട്രി ഉപയോഗിക്കാത്തവര്‍ക്കും ഫീസില്ലാതെ മൂന്ന് മാസം പുതുക്കി നല്‍കും. ഇഷ്യൂ ചെയ്ത തൊഴില്‍ വിസകള്‍ ഈ കാലയളവില്‍ കാലാവധി തീരുമെങ്കില്‍ അത്തരം വിസക്കും തൊഴിലുടമകള്‍ക്ക് മൂന്ന് മാസം നീട്ടിനല്‍കും. അതോടൊപ്പം സക്കാത്ത്, വാറ്റ് എന്നിവയടക്കാനും മൂന്ന് മാസത്തെ സാവകാശം അനുവദിക്കും. മുനിസിപ്പാലിറ്റി, ബാങ്കുകള്‍ എന്നിവിടങ്ങളിലെ ഇടപാടുകള്‍ക്കും മാനദണ്ഡപ്രകാരമുള്ള സമയ ഇളവുകളുണ്ടാകും.
    കൂടാതെ കൊറോണ പ്രതിസന്ധിയില്‍ അകപ്പെട്ടു ഭീഷണി നേരിടുന്ന സഊദിയിലെ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് 120 ബില്യണ്‍ റിയാലിന്റെ പ്രത്യേക പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. വായ്പകള്‍ക്കും മറ്റു നടപടികള്‍ക്കും നേതൃത്വം നല്‍കാനായി ധനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സമിതി ഉടന്‍ രൂപീകരിക്കുമെന്നും മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ജദ്ആന്‍ അറിയിച്ചു.