സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ഇനിമുതല്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വേണം

റിയാദ്: കോവിഡ് 19 കൊറോണ വൈറസ് പടര്‍ന്നു പിടിച്ച വിദേശ രാജ്യങ്ങളില്‍നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ഇനിമുതല്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന്  സൗദി ആരോഗ്യ മന്ത്രാലയം. ഈ രാജ്യങ്ങളില്‍ നിന്ന്  സൗദിയിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് എന്‍ട്രി പാസ്സ് ലഭിക്കണമെങ്കില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വിമാനത്താവളത്തില്‍  സൗദി ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ പരിശോധന കേന്ദ്രങ്ങളില്‍ കാണിച്ചു സീല്‍ വാങ്ങിയ ശേഷം എമിഗ്രേഷന്‍ കൗണ്ടറില്‍ കാണിക്കണം. പുതിയ വിസയില്‍ വരുന്നവര്‍ക്ക് മാത്രമല്ല ഈ നിയമം.

റീ എന്‍ട്രിയില്‍ രാജ്യം വിട്ട് രണ്ടാഴ്ചയിലധികം കഴിഞ്ഞവര്‍ക്കും സൗദിയില്‍ പ്രവേശിക്കണമെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഈ ഫിറ്റ്‌നസ് എടുക്കേണ്ടത്  സൗദി കോണ്‍സുലേറ്റിന്റെ അംഗീകാരമുള്ള ഹെല്‍ത്ത് സെന്ററുകളില്‍ നിന്നാവണം. സൗദിയിലേക്ക് പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പെടുത്ത സര്‍ട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസുകള്‍ നല്‍കേണ്ട ഉത്തരവാദിത്വം അതാത് രാജ്യത്തേക്ക് സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്കായിരിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഈ നിയമം ബാധകമാണ്.

കൊറോണ വ്യാപനം തടയാനുള്ള മുന്‍ കരുതലിന്റെ ഭാഗമായി സൗദിയുടെ അയല്‍ രാജ്യങ്ങളായ യു.എ.ഇ, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം സൗദിയിലേക്കുള്ള യാത്രയും ഇന്ന് രാത്രി മുതല്‍ താല്‍കാലികമായി വിലക്കി. സൗദിയിലേക്ക് വരുന്നവര്‍ക്ക് രാജ്യത്തെ സുപ്രധാന വിമാനത്താവളങ്ങളായ റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ദമാമിലെ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ കൂടി മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഈ രാജ്യങ്ങളില്‍ നിന്നുള്ള ട്രക്കുകളെ കര്‍ശന പരിശോധനക്ക് ശേഷമായിരിക്കും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുകയെന്നും സൗദി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.