കോവിഡ് വ്യാപനം തടയാന്‍ സഊദി അറേബ്യ 10 മില്യന്‍ ഡോളര്‍ നല്‍കി

    60
    സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ്‌

    ദുബൈ/ജിദ്ദ: പുതിയ കൊറോണ വൈറസ് കോവിഡ് -19 ന്റെ വ്യാപനം കുറയ്ക്കുന്നതിന് അടിയന്തിര നടപടികള്‍ നടപ്പിലാക്കുന്നതിനായി സൗദി അറേബ്യ ലോകാരോഗ്യ സംഘടനക്ക് 10 മില്യണ്‍ ഡോളര്‍ നല്‍കി. രോഗം പടരുന്നതിനെ ചെറുക്കുന്നതിന് ആഗോള നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടന എല്ലാ രാജ്യങ്ങളോടും അടിയന്തിരമായി അഭ്യര്‍ത്ഥിച്ചതിന് മറുപടിയായാണ് ഈ പിന്തുണ ലഭിച്ചതെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് -19 ന്റെ വ്യാപനം കുറക്കുന്നതിന് അടിയന്തിര നടപടികള്‍ നടപ്പിലാക്കുന്നതിനായി ലോകാരോഗ്യ സംഘടനയ്ക്ക് 10 മില്യണ്‍ ഡോളര്‍ നല്‍കിയതിന് സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, സൗദി അറേബ്യയിലെ ജനങ്ങള്‍ എന്നിവരോട് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കൃതജ്ഞത രേഖപ്പെടുത്തി. കോവിഡ്-19 വ്യാപനം തടയാന്‍ സഊദിയും യുഎഇയും അടക്കമുള്ള ജിസിസി രാജ്യങ്ങള്‍ ക്രിയാത്മകമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. കനത്ത സുരക്ഷാ സംവിധാനങ്ങളും നിരീക്ഷണവും നടത്തി രോഗികളെ കണ്ടെത്തുകയും അവര്‍ക്ക് സൗജന്യമായി ചികിത്സ നല്‍കുകയും ചെയ്തുവരുന്നു. ആരോഗ്യ മേഖലയില്‍ അത്യാധുനിക സൗകര്യങ്ങളാണ് ജിസിസി രാജ്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.