റിയാദ്: കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചതോടെ സഊദിയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്നലെ മക്കയിലാണ് രോഗബാധയേറ്റ വിദേശി മരിച്ചത്. കഴിഞ്ഞ ദിവസം മദീനയില്‍ ഒരു അഫ്ഗാന് പൗരനും മരിച്ചിരുന്നു. 133 പേര്‍ക്ക് പുതുതായി രോഗബാധ കണ്ടെത്തിയതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 900 ആയി. റിയാദ് 83, ദമ്മാം 13, ജിദ്ദ 10, മദീന 6, ഖത്തീഫ് 6, അല്‍ഖോബാര്‍ 5, നജ്റാന് 4, അബഹ 2, അറാര്‍ 2, ജുബൈല്‍ 1, ദഹ്റാന്‍ 1 എന്നിവിടങ്ങളിലാണ് ഇന്ന് രോഗനിര്‍ണയം നടത്തിയത്. 29 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊറോണയുടെ വ്യാപനം തടയാന്‍ അതിതീവ്ര യത്നത്തിലാണ് സഊദി ഭരണകൂടം. രാജ്യത്തെ ഏതാണ്ടെല്ലാ ഭാഗങ്ങളും ഭാഗികമായി ലോക്ക് ഡൗണിലായിക്കഴിഞ്ഞു. തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന കര്‍ഫ്യൂവില്‍ റിയാദ്, മക്ക, മദീന തുടങ്ങിയ നഗരങ്ങളില്‍ സമയക്രമം മാറ്റി നിശ്ചയിച്ചു. എല്ലാ ദിവസവും വൈകുന്നേരം 3 മണി മുതല്‍ ആരംഭിക്കുന്ന കര്‍ഫ്യൂ പിറ്റേന്ന് രാവിലെ ആറു മണി വരെ നീളും. ഈ നഗരങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് സഊദി ഭരണാധികാരി സല്മാന് രാജാവിന്റ പ്രത്യേക നിര്‍ദേശ പ്രകാരം കര്‍ഫ്യൂ സമയം നീട്ടിയത്.
ജിദ്ദയടക്കം മറ്റു നഗരങ്ങളില്‍ നിലവിലുള്ള സമയം രാത്രി 7 മണി മുതല്‍ പിറ്റേന്ന് രാവിലെ ആറു മണി വരെ എന്നത് തുടരും. ഏതെങ്കിലും പ്രവിശ്യകളില്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അതത് ഗവര്‍ണറേറ്റുകള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യ തവണ 10,000 റിയാലും രണ്ടാം തവണ 20,000 റിയാലും മൂന്നാം തവണ 20 ദിവസത്തെ തടവുമാണ് ശിക്ഷ. സഊദി ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് കര്‍ശന നിയമ നടപടികള്‍ക്ക് വിധേയമാവേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി. സ്വദേശികളും വിദേശികളും ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നും സാമൂഹിക വ്യാപനത്തിന്ന് വഴിവെക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി.
റിയാദിലും മക്കയിലും മദീനയിലും
കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിച്ചു
റിയാദ്: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സുപ്രധാന നഗരങ്ങളില്‍ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിക്കാന്‍ സഊദി അറേബ്യ തീരുമാനിച്ചു. തലസ്ഥാന നഗരിയായ റിയാദിലും പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലുമാണ് ഇന്നു മുതല്‍ സമയ മാറ്റം. വൈകുന്നേരം 3 മണി മുതല്‍ പിറ്റേന്ന് രാവിലെ ആറു മണി വരെയായിരിക്കും കര്‍ഫ്യൂ. നിലവില്‍ രാത്രി 7 മണി മുതല്‍ രാവിലെ ആറു മണി വരെയായിരുന്നു. കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെയും വിദഗ്ധ സമിതിയുടെയും ശുപാര്‍ശയനുസരിച്ച് സഊദി ഭരണാധികാരി സല്മാന് രാജാവാണ് കര്‍ഫ്യൂ സമയം നീട്ടാന്‍ നിര്‍ദേശം നല്‍കിയത്.
സഊദിയിലെ മറ്റു പ്രവിശ്യകളില്‍ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിക്കാന്‍ അതത് പ്രവിശ്യാ ഗവര്‍ണറേറ്റുകള്‍ ആ മേഖലയിലെ ആരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാനും തിരുഗേഹങ്ങളുടെ സേവകന് കൂടിയായ സല്മാന് രാജാവ് അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ, രാജ്യത്തെ 13 പ്രവിശ്യകളിലെയും താമസക്കാര്‍ക്ക് മറ്റൊരു പ്രവിശ്യയിലേക്ക് പോകുന്നതും വരുന്നതും നിരോധിച്ചിട്ടുണ്ട്.
റിയാദ്, മക്ക, മദീന എന്നീ നഗരങ്ങളില്‍ നിന്ന് പുറത്ത് പോകുന്നതും ഈ നഗരങ്ങളിലേക്ക് പുറത്ത് നിന്നും പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയ വിഭാഗങ്ങള്‍ക്ക് നിബന്ധനകള്‍ കര്‍ശനമായി പാലിച്ച് പുറത്തിറങ്ങി ജോലിയില്‍ ഏര്‍പ്പെടാവുന്നതാണെന്നും എസ്പ എ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജകല്പന പ്രകാരമുള്ള കര്‍ശനമായ നിയന്ത്രണം പാലിക്കാന്‍ സ്വദേശികളോടൊപ്പം വിദേശികളും ബാധ്യസ്ഥരാണെന്നും നിയമം ലംഘിച്ചാല്‍ കനത്ത പിഴയും ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.