റിയാദ്: ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലേക്ക് സഊദി ഇന്ന് മുതല്‍ താല്‍ക്കാലിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ കഴിയുന്ന സ്വദേശികള്‍ക്കും സഊദിയില്‍ ഇഖാമയുള്ള വിദേശികള്‍ക്കും 72 മണിക്കൂറിനകം തിരിച്ചു വരാവുന്നതാണെന്നും ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ 14 രാജ്യങ്ങളിലേക്ക് താല്‍ക്കാലിക യാത്രാ നിരോധം നിലവിലുണ്ടെങ്കിലും കോവിഡ് 19 കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ സഊദി തീരുമാനിച്ചത്.
ഇന്ത്യ, സ്വിറ്റ്‌സര്‍ലാന്റ്, പാകിസ്താന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ്, സുഡാന്‍, എത്യോപ്യ, എരിത്രിയ, കെനിയ, ജിബൂട്ടി, സൊമാലിയ എന്നീ രാജ്യങ്ങളിലേക്കും കൂടാതെ, യൂറോപ്യന്‍ യൂണിയനില്‍ പെട്ട 27 രാജ്യങ്ങളിലേക്കുമാണ് വിലക്ക്. 72 മണിക്കൂര്‍ തീരുന്നതോടെ ഈ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും നിലച്ചേക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ സഊദി വ്യോമയാന മന്ത്രാലയത്തിന്റെ ഷെഡ്യൂള്‍ ലഭ്യമാകുന്നതോടെ വ്യക്തത കൈവരും.
അതിനിടെ, സഊദിയില്‍ ആരോഗ്യ മന്ത്രാലയം 24 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 45 ആയി ഉയര്‍ന്നു.
വിശുദ്ധ മക്കയിലാണ് 21 പേര്‍ക്ക് രോഗം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ച ഈജിപ്ഷ്യന്‍ പൗരനില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്. ഇവരെ എല്ലാവരെയും മക്കയിലെ ആസ്പത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില പരിശോധിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു.
കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ രോഗം ബാധിച്ചയാളുടെ 12 വയസ് പ്രായമുള്ള പൗത്രിക്കും നേരത്തെ ഇറാഖില്‍ നിന്ന് മടങ്ങിയെത്തി ഐസൊലേഷനിലായിരുന്ന യുവാവിനും യുവതിക്കുമാണ് രോഗം സ്ഥിതീകരിച്ചത്. നേരത്തെ രോഗം നിര്‍ണയിച്ച ഒരാള്‍ക്ക് അസുഖം ഭേദമായതായി അധികൃതര്‍ വെളിപ്പെടുത്തി.
കോവിഡ് 19 പടര്‍ന്ന് പിടിച്ച ചില യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ജിസിസി രാജ്യങ്ങളിലേക്കും നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ 14 ദിവസം കഴിഞ്ഞവര്‍ക്ക് സഊദിയിലേക്ക് യാത്ര ചെയ്യാനാകില്ലെന്നും അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അവ്യക്തത നിലനില്‍ക്കുന്ന ഈ വിഷയത്തില്‍ കൃത്യമായ വിവരങ്ങള്‍ ബന്ധപ്പെട്ട എയര്‍ലൈനുകളുമായി ബന്ധപ്പെടുമ്പോള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ് അറിയുന്നത്.
അതേസമയം, സഊദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യയിലേയും ഫിലിപ്പീന്‍സിലെയും ആരോഗ്യ രംഗത്തെ ജീവനക്കാര്‍ക്ക് അവധി കഴിഞ്ഞ് തിരിച്ചെത്തുന്നതില്‍ തടസ്സമുണ്ടാവില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയാതായി എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു.
Home SAUDI ARABIA സഊദിയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രാ വിലക്ക്; വിലക്കിയ രാജ്യങ്ങളിലുള്ളവര്‍ക്ക് മടങ്ങാന്‍ 72 മണിക്കൂര്‍ സമയം