കോവിഡ് 19: അടുത്ത ഘട്ടം നിര്‍ണായകം, ജനം കൈ കോര്‍ക്കണം
റിയാദ്: ആഗോള തലത്തില്‍ ഭീഷണിയായി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 വൈറസ് ബാധയെ തടയാന്‍ സഊദി അറേബ്യ സാധ്യമായതെല്ലാം ചെയ്തു വരികയാണെന്ന് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ്. മഹാമാരി സഊദിയിലും പടരുന്ന സാഹചര്യത്തിലാണ് തിരുഗേഹനങ്ങളുടെ സേവകന്‍ കൂടിയായ സല്‍മാന്‍ രാജാവ് ഇന്നലെ രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. വൈറസ് ബാധയെ തടയാനുള്ള വ്യവസ്ഥാപിത മാര്‍ഗങ്ങളുമായി ഭരണകൂടം മുന്നോട്ട് പോകുമ്പോള്‍ രാജ്യത്തെ പൊതുജനങ്ങളുടെ പൂര്‍ണ സഹകരണം അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സമര്‍പ്പിത മനസ്സോടെയുള്ള നടപടികളുമായി സഊദി പൗരന്മാരും വിദേശികളും ഒറ്റക്കെട്ടായി പിന്തുണക്കണം. എങ്കില്‍ മാത്രമേ ലോകത്ത് അനേകം പേരുടെ മരണത്തിന് കാരണമായ മാരക വൈറസിനെ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ രാജ്യത്തിന് ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. പക്ഷെ, പൊതുസമൂഹം ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കുകയും കൈ കോര്‍ക്കുകയും ഊര്‍ജിത നടപടികളുമായി ഒപ്പം നില്‍ക്കുകയും വേണം.
ആഗോള തലത്തില്‍ തന്നെ കോവിഡ് 19 വൈറസിനെതിരെയുള്ള അടുത്ത ഘട്ടം അതിനിര്‍ണായകമാണെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ച രാജ്യങ്ങള്‍ പോലും ഈ പരീക്ഷണത്തില്‍ പതറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ആരോഗ്യ-ആഭ്യന്തര മന്ത്രാലയങ്ങള്‍ നല്‍കുന്ന ഓരോ നിര്‍ദേശങ്ങളും കൃത്യമായി പാലിക്കാന്‍ നാം തയാറാവണം. അതോടൊപ്പം, രാജ്യത്തെ ജനങ്ങള്‍ സ്വയം ഉദ്ബുദ്ധതരാവുകയും ബോധവത്കരണം നടത്തുകയും ചെയ്ത് ഉത്തരവാദിത്തം നിറവേറ്റിയാല്‍ ഈ നിര്‍ണായക ഘട്ടത്തെ അതിജീവിക്കാന്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സാധിക്കും. നിയന്ത്രണങ്ങളെല്ലാം നന്മക്ക് വേണ്ടിയാണ്. അത് അനുസരിക്കാനും കൃത്യമായി നിര്‍വഹിക്കാനും ഓരോ പൗരനും പ്രവാസിയും പ്രതിജ്ഞയെടുക്കണം.
ലോകമെമ്പാടും ഈ രോഗത്തെ പ്രതിരോധിക്കാനുള്ള യജ്ഞത്തിലാണ്. പടര്‍ന്നു പിടിച്ച രാജ്യങ്ങള്‍ക്ക് അല്ലാഹുവിന്റെ കാവലുണ്ടാവട്ടെ. നമ്മുടെ രാജ്യത്തെയും പരമ കാരുണികനായ അല്ലാഹു സംരക്ഷിക്കും. പ്രാര്‍ത്ഥനകളില്‍ വ്യാപൃതരായി അല്ലാഹുവില്‍ ഭരമേല്‍പിക്കുക. അതോടൊപ്പം, സഊദി നടത്തുന്ന അതീവ ജാഗ്രതയോടെയുള്ള അടിയന്തര നടപടികളില്‍ മനസ്സാ വാചാ കര്‍മണാ കൈ കോര്‍ക്കുകയും ചെയ്യുക -സല്‍മാന്‍ രാജാവ് രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.