സ്‌കൂള്‍ ബസുകളുടെ ശുചിത്വം: ഗതാഗത വകുപ്പ് മാര്‍ഗനിര്‍ദേശം നല്‍കി

അബുദാബി: സ്‌കൂള്‍ ബസുകളുടെ ശുചിത്വം സംബന്ധിച്ച് അബുദാബി ഗതാഗത വിഭാഗം പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ബസുകള്‍ അണുമുക്തമാണെന്ന് ഉറപ്പ് വരുത്തുന്ന വിധത്തില്‍ ശുചിത്വം ഉറപ്പ് വരുത്തണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനായി സാധാരണ ഉപയോഗിക്കുന്ന ശുചീകരണ ലായനികള്‍ക്കു പകരം വീര്യം കൂടിയ ലായനികള്‍ പ്രയോജനപ്പെടുത്തണമെന്ന് നിര്‍ദേശങ്ങളില്‍ പറയുന്നു. സാധാരണ ലായനികള്‍ക്ക് വൈറസുകളെ തടയാനുള്ള വീര്യം ഉണ്ടായേക്കാനിടയില്ല. അതുകൊണ്ടുതന്നെ, 70 ശതമാനം ആല്‍കഹോള്‍ അടങ്ങിയ ലായനികള്‍ ഉപയോഗിക്കണം.
ബസുകളുടെ ഇരിപ്പിടങ്ങള്‍, കൈപ്പിടികള്‍, സ്പര്‍ശമേല്‍ക്കുന്ന മറ്റിടങ്ങള്‍ എന്നിവയെല്ലാം കൃത്യമായി ശുചീകരണം നടത്തിയെന്ന് ഉറപ്പ് വരുത്തണം. ശുചീകരണ പ്രക്രിയ പൂര്‍ത്തീകരിച്ചാല്‍ ബസുകള്‍ ഭദ്രമായി അടച്ചിടണം. യാതൊരു കാരണവശാലും പിന്നീട് ബസിനകത്തേക്ക് ആരും പ്രവേശിക്കാനോ റോഡിലിറക്കാനോ പാടില്ല. ഡ്രൈവര്‍ ഉള്‍പ്പെടെ ആരെങ്കിലും വീണ്ടും ബസിനകത്തേക്ക് പ്രവേശിക്കുകയാണെങ്കില്‍ വീണ്ടും ശുചീകരണം നടത്തണം. വരും ദിവസങ്ങളില്‍ ഗതാഗത വിഭാഗം അധികൃതര്‍ സ്‌കൂള്‍ ബസുകള്‍ പരിശോധന നടത്തി ശുചിത്വം ഉറപ്പ് വരുത്തും.
വീണ്ടും അടച്ചിടുന്ന ബസുകള്‍ സ്‌കൂള്‍ തുറക്കുന്നതിന് രണ്ടു ദിവസം മുന്‍പ് തുറന്ന് ഒരിക്കല്‍ കൂടി ശുചിത്വം ഉറപ്പ് വരുത്തണം. കുട്ടികളുടെയും പൊതുജനങ്ങളുടെയും ആരോഗ്യം ഉറപ്പ് വരുത്തുന്നതിന് പരമാവധി ശ്രദ്ധ ചെലുത്തുകയും അണുബാധയില്ലെന്ന് ഉറപ്പാക്കുകയും വേണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പകര്‍ച്ചവ്യാധികള്‍ പൂര്‍ണമായും തടയാന്‍ ശക്തമായ ബോധവത്കരണമാണ് അധികൃതര്‍ നടത്തി വരുന്നത്.