അബുദാബി: യുഎഇയില്‍ കൊറോണ ബാധക്കെതിരെയുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്കൂളുകള്‍ക്ക് മുന്‍കൂട്ടി അവധി പ്രഖ്യാപിച്ചെങ്കിലും ഇന്ത്യന്‍ സിലബസുകളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ പൊതുപരീക്ഷകളില്‍ മാറ്റമുണ്ടായിരിക്കില്ലെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
സിബിഎസ്ഇ പരീക്ഷകള്‍ നടന്നു കൊണ്ടിരിക്കുകയും എസ്എസ്എല്‍സി പരീക്ഷകള്‍ ഈ മാസം 10ന് ആരംഭിക്കാനിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് യുഎഇ വിദ്യാഭ്യാസ വകുപ്പിന്റെയും അഡെക്കിന്റെയും അനുമതിയോടെ പരീക്ഷകള്‍ യഥാസമയം നടത്തുകയെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കിയത്.
യുഎഇ വിദേശ കാര്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, അബുദാബി എജുകേഷന്‍ ആന്റ് നോളജ് എന്നിവയുടെ അനുമതിയോടെയാണ് പരീക്ഷകള്‍ യഥാസമയം തന്നെ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. പരീക്ഷയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ആരോഗ്യ സുരക്ഷക്കായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിക്കൊണ്ടായിരിക്കും പരീക്ഷകള്‍ നടത്തുക.
ഈ മാസം 29ന് ആരംഭിക്കാനിരുന്ന അവധി 9ന് ഞായറാഴ്ച മുതല്‍ തന്നെ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. രണ്ടാഴ്ചക്കാലം മാത്രമായിരുന്ന ഇടക്കാല അവധി പുതിയ സാഹചര്യത്തില്‍ നാലാഴ്ചക്കാലമാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. കൊറോണ വൈറസ് കോവിഡ്-’19ന്റെ വ്യാപനം കുറക്കുകയെന്നതാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. അവധിക്കാലത്തിന്റെ അവസാന രണ്ടാഴ്ചക്കുള്ളില്‍ വീട്ടിലിരുന്നുള്ള പഠന-പരിശീലനം വേണമെന്ന് സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാതാപിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അഡ്മിനിസ്ട്രേറ്റര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളിലൂടെയാണ് ഇത് സാധ്യമാക്കുക.
പല സ്കൂളുകളിലും നേരത്തെ തന്നെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ കുട്ടികളുടെ ഹോംവര്‍ക്കുകളും മറ്റു പഠനങ്ങളും കൈകാര്യം ചെയ്യുന്ന രീതി നിലനില്‍ക്കുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ ഇത്തരം ഗ്രൂപ്പുകള്‍ കൂടുതല്‍ സജീവമാക്കിയാകും അവധിക്കാല ദിവസങ്ങള്‍ പഠനോപകാരമാക്കി മാറ്റുക.