
കേന്ദ്രത്തില്‍ നിന്ന് വിശദീകരണം
വാങ്ങിയ ശേഷം മതിയെന്ന് യു.ഡി.എഫ്
തിരുവനന്തപുരം: സെന്‍സസ് നടപടികളുമായി മുന്നോട്ട് പോവുകുമെന്ന നിലപാട് ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍. സര്‍വകക്ഷി യോഗത്തിലാണ് സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. എന്നാല്‍ എന്‍.പി.ആറിന്റെ കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് വ്യക്തമായ വിശദീകരണം വാങ്ങിയ ശേഷമേ സെന്‍സസ് നടപടികള്‍ ആരംഭിക്കാവൂ എന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ആപത്തായിരിക്കുമെന്നും സര്‍വ്വകകക്ഷി യോഗത്തില്‍ യു.ഡി.എഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
എന്‍.പി.ആറും സെന്‍സസും ഒരുമിച്ച് നടത്താനാണ് കേന്ദ്രം വിജ്ഞാപനം ഇറക്കുകയും സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തത്. എന്‍.പി.ആര് നടപ്പാക്കില്ലെന്ന് സംസ്ഥാനത്തിന്റെ തീരുമാനം കേന്ദ്രത്തെ അറിയിക്കുകയും എന്‍.പി.ആര് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചു കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് അയച്ചു കൊടുക്കുകയും ചെയ്തിട്ടും കേന്ദ്രത്തില്‍ നിന്ന് സഹകരിക്കണമെന്ന മറുപടി മാത്രമാണ് വന്നിട്ടുള്ളത്.
പാര്‍ലമെന്റിന്റെ അഭ്യന്തര വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റിയും കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നാണ് വ്യക്തമാക്കിയിട്ടുണ്ട്. എന്‍.പി.ആര് നടപ്പാക്കില്ലെന്ന് 10 സംസ്ഥാനങ്ങള്‍ നിലപാട് എടുത്തിട്ടും കേന്ദ്ര നിലപാടില്‍ മാറ്റമുണ്ടായിട്ടില്ല. ഈ അവസ്ഥയില്‍ ഏപ്രില്‍ ഒന്നിന് സെന്‍സസ് നടപടികള്‍ ആരംഭിച്ചാല്‍ അത് എന്‍.പി.ആറിലേക്കുള്ള വഴിയായി മാറുമെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
അത് വഴി എന്‍.ആര്.സിയിലേക്ക് പോകാനും കഴിയും. അതിനാല്‍ ഇതില്‍ ചതിക്കുഴി ഉണ്ടെന്നും കേന്ദ്രത്തില്‍ നിന്ന ക്ലാരിഫിക്കേഷന് വാങ്ങിയ ശേഷമേ സെന്‍സസ് നടപടികള്‍ തുടങ്ങാവൂ എന്നും യു.ഡി.എഫ് ആവശ്യപ്പെട്ടതായി യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആ നിലപാടില്‍ യു.ഡി.എഫ് ഉറച്ച് നില്ക്കുന്നു. ഇന്നലെ മുസ്ലിംലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്. എം.കെ.മുനീര്‍ എന്നിവര്‍ മുഖ്യമന്ത്രിയെ പ്രത്യേകമായി കണ്ട് ഈ ആശങ്ക അറിയച്ചിരുന്നുവെന്നും ഇക്കാര്യം അവര്‍ തന്നോട് സംസാരിച്ചെന്നും ചെന്നിത്തല പറഞ്ഞു. മുസ്ലിം സംഘടനകളുടെ വികാരം ഇതാണ്. അതിനെ യു.ഡി.എഫ് പിന്തുണയ്ക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.