ഷാര്‍ജ: ഷാര്‍ജയില്‍ കഴിഞ്ഞ വര്‍ഷം വാണിജ്യ രംഗത്ത് 4,088 പരാതികള്‍ ലഭിച്ചതായി സാമ്പത്തിക കാര്യ വിഭാഗം വ്യക്തമാക്കി. 2018ല്‍ ഇത് 3,317 മാത്രമായിരുന്നു. അതേസമയം, വാണിജ്യ രംഗത്തെ വഞ്ചനയുമായി ബന്ധപ്പെട്ട് മുന്‍ വര്‍ഷം 454 പരാതികള്‍ ലഭിച്ചിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം 317 ആയി കുറയുകയുണ്ടായി.
വ്യാജ ഉല്‍പന്നങ്ങളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ വാഹന സാമഗ്രികളായിരുന്നു. മൊത്തം വ്യാജ ഉല്‍പന്നങ്ങളില്‍ 27ശതമാനവും ഇവയായിരുന്നു. വൈദ്യുത ഉപകരണങ്ങള്‍, കെട്ടിട നിര്‍മാണ സാമഗ്രികള്‍ എന്നിവയെ കുറിച്ചുള്ള പരാതികള്‍ 13 ശതമാനവും മൊബൈല്‍ ഫോണ്‍, ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ എന്നിവയെ കുറിച്ചുള്ള പരാതികള്‍ 12 ശതമാനവും ഗൃഹോപകരണങ്ങളുമായി ബന്ധപ്പെട്ട് എട്ടു ശതമാനവുമാണ് പരാതികള്‍ ലഭിച്ചത്.
ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഉല്‍പന്നങ്ങളും ഗുണമേന്മയുള്ള വസ്തുക്കളും എത്തിക്കലും ചെയ്യുകയെന്നതില്‍ സാമ്പത്തിക കാര്യ വിഭാഗം അതീവ സൂക്ഷ്മത പാലിക്കുന്നുണ്ടെന്ന് ഷാര്‍ജ സാമ്പത്തിക വികസന വകുപ്പിലെ വാണിജ്യ-സംരക്ഷണ വിഭാഗം ഉപ മേധാവി സാലം അല്‍സുവൈദി വ്യക്തമാക്കി. ഇക്കാര്യത്തില്‍ വ്യാപക ബോധവത്കരണം നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാണിജ്യ തട്ടിപ്പുകള്‍ക്ക് ഇരകളാകുന്നവര്‍ക്ക് 800 80000 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിവരമറിയിക്കാവുന്നതാണ്. സാമ്പത്തിക വികസന വകുപ്പിന്റെ സോഷ്യല്‍ മീഡിയ വഴിയും പരാതികള്‍ അറിയിക്കാന്‍ കഴിയും.