
ശൈഖ് മുഹമ്മദ് ബിന്‍ റാഷിദും
ശൈഖ് മുഹമ്മദ് ബിന്‍ സായിദും
കൂടിക്കാഴ്ച നടത്തി
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും കോവിഡ്-19 ന്റെ പുതിയ സാഹചര്യം സംബന്ധിച്ച് കൂടുക്കാഴ്ച നടത്തി. പുതിയ ആരോഗ്യ പ്രോട്ടോകോള്‍ പ്രകാരം കൈകള്‍ ഉയര്‍ത്തി അഭിവാദ്യം ചെയ്താണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിനെ സ്വാഗതം ചെയ്തത്. കൂടിക്കാഴ്ചയും പ്രോട്ടോകാള്‍ പാലിച്ചായിരുന്നു. ലോകോത്തര ആരോഗ്യ സാമൂഹ്യ സേവനങ്ങളും ഉയര്‍ന്ന ജീവിത നിലവാരവും നല്കി എമിറാത്തി സമൂഹത്തെ സംരക്ഷിക്കുന്നതിനായി സ്വീകരിച്ച നടപടികളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. പ്രാദേശിക സമൂഹത്തെ രോഗങ്ങളില്‍ നിന്നും പകര്‍ച്ചവ്യാധികളില്‍ നിന്നും സംരക്ഷിക്കുന്നതിനായി ദേശീയ യോഗ്യതയുള്ള സംഘടനകളും ദുരന്ത നിവാരണ സമിതികളും നടത്തിയ ശ്രമങ്ങളെ നേതാക്കള്‍ അഭിനന്ദിച്ചു. എമിറാത്തി പൗരന്മാരുടെയും താമസക്കാരുടെയും പൊതുജനാരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള നേതൃത്വത്തിന്റെയും സര്‍ക്കാരിന്റെയും ദേശീയ അധികാരികളുടെയും പ്രതിജ്ഞാബദ്ധതയും അവര്‍ സ്ഥിരീകരിച്ചു. യോഗത്തില്‍ ദുബൈ ഡെപ്യൂട്ടി ഭരണാധികാരിയും ധനമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം പങ്കെടുത്തു. അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനും ഉപപ്രധാനമന്ത്രിയും രാഷ്ട്രപതി കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്, ദുബൈ മീഡിയ കൗണ്‍സില്‍ ചെയര്മാന് ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.