6.6 ദശലക്ഷം പേര്‍ ശൈഖ് സായിദ്  മസ്ജിദ് സന്ദര്‍ശിച്ചു

അബുദാബി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിനോദ സഞ്ചാരികളായി എത്തിയവര്‍ ഉള്‍പ്പെടെ 6,656,818 പേര്‍ തലസ്ഥാന നഗരിയിലെ ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദ് സന്ദര്‍ശിച്ചതായി ശൈഖ് സായിദ് ഗ്രാന്റ് മോസ്‌ക് സെന്റര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷമാണ് ഇത്രയും പേര്‍ പള്ളിയിലെത്തി കൗതുകവും മനോഹാരിതയും നോക്കിക്കണ്ടത്. മൊത്തം സന്ദര്‍ശകരുടെ എണ്ണത്തില്‍ 4,132,309 പേര്‍ വിനോദ സഞ്ചാരികളാണ്. 1,562,149 പേര്‍ ആരാധനാ കര്‍മങ്ങള്‍ക്കായി പള്ളിയില്‍ എത്തുകയുണ്ടായി. 891,860 പേര്‍ വിശുദ്ധ റമദാനില്‍ നോമ്പുതുറ സല്‍ക്കാരം പ്രയോജനപ്പെടുത്തുകയുണ്ടായി. ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത് ഇന്ത്യയില്‍ നിന്നാണ്. 879,049 ഇന്ത്യക്കാരാണ് ശൈഖ് സായിദ് ഗ്രാന്റ് മോസ്‌ക് സന്ദര്‍ശിക്കാനെത്തിയത്. രണ്ടാം സ്ഥാനത്ത് ചൈന(704,680)യും മൂന്നാം സ്ഥാനത്ത് റഷ്യ(234,849)യുമാണ്. ജര്‍മനി (193,234), ഫ്രാന്‍സ് (155,223) എന്നിങ്ങനെയാണ്. ആകെ സന്ദര്‍ശകരുടെ എണ്ണത്തില്‍ 81ശതമാനവും വിനോദ സഞ്ചാരികളാണ്. യുഎഇ പൗരന്മാര്‍ 19 ശതമാനം മാത്രമാണ് ഇവിടെ എത്തുന്നത്. 53ശതമാനം സ്ത്രീകളാണ്.
ഇമാറാത്തി സമൂഹത്തിന്റെ സാംസ്‌കാരികവും ദേശീയവുമായ മൂല്യങ്ങളുടെ  സാംസ്‌കാരിക കേന്ദ്രമായാണ് സായിദ് ഗ്രാന്റ് മോസ്‌ക് നിലകൊള്ളുന്നത്. അതോ ടൊപ്പം, ലോകമെമ്പാടുമുള്ള ആളുകള്‍ തമ്മിലുള്ള സാംസ്‌കാരിക ആശയ വിനിമയം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.