ദുബൈ: ദുബൈയില്‍ ഷിന്ദഗ റോഡിന്റെ മുഖഛായ മാറുന്നു. നഗരവികസനത്തിന്റെ ഭാഗമായി അല്‍ ഷന്ദഗാ റോഡിലുള്ള ഫാല്‍ക്കണ്‍ ജംക്ഷന് വികസിപ്പിക്കുന്നതിന് 45 കോടി ദിര്‍ഹത്തിന്റെ കരാര്‍ ആര്‍ടിഎ നല്കി. അല്‍ ഖലീജ്, ഖാലിദ് ബിന്‍ അല്‍ വലീദ്, അല്‍ ഗുബൈബ റോഡുകളുടെ വികസനത്തിനൊപ്പം പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ വടക്ക് ഷന്ദഗാ പാലവുമായി ഇതിനെ ബന്ധിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ ഈ പ്രദേശത്തിന്റെ വികസനം വമ്പിച്ച കുതിപ്പിലേക്ക് നീങ്ങും. 535 കോടി ദിര്‍ഹത്തിന്റെ അല്‍ ഷന്ദഗാ റോഡ് ഇടനാഴി വികസനത്തിന്റെ ഭാഗമായുള്ള പദ്ധതി അനുസരിച്ച് അഞ്ചു ഘട്ടമായി 13 കി.മീ റോഡ് വികസിപ്പിക്കും. ഇതിലെ മൂന്നാം ഘട്ട കരാറാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ശൈഖ് റാഷിദ്, അല്‍ മിനാ, അല്‍ ഖലീജ്, കയ്റോ റോഡുകളാണ് വികസിപ്പിക്കുന്നത്. അല്‍ ഖലീജ്, അല്‍ മീന പ്രദേശത്തെ ഗതാഗതം സുഗമമാക്കാനും പദ്ധതി ഉപകരിക്കും. റാഷിദ് പോര്‍ട്ടിലേക്കുള്ള പോക്കുവരവു അപകട രഹിതമാക്കുന്നതിനൊപ്പം പുതിയ പാലത്തിന് താഴെ ധാരാളം പാര്‍ക്കിങ് പ്രദേശവും ലഭ്യമാകുമെന്ന് ആര്‍ടിഎ ചെയര്മാന് മാത്തര്‍ അല്‍ തായര്‍ അറിയിച്ചു. ഗതാഗതം സുഗമമാക്കുന്നതിന് അല്‍ ഖലീജ് റോഡില്‍ രണ്ട് പാലങ്ങള്‍ നിര്‍മിക്കും. വടക്ക് ഭാഗത്തേക്ക് 750 മീറ്റര്‍ നീളത്തിലും തെക്കോട്ട് 1075 മീറ്റര്‍ നീളത്തിലും ആറുവരിപ്പാതയായാവും ഇത് നിര്‍മിക്കുക. മണിക്കൂറില്‍ 12,000 വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നുപോകാനാകും. ഖാലിദ് ബിന്‍ അല്‍ വലീദ് റോഡില്‍ നിന്ന് അല്‍ ഖലീജ് റോഡിലേക്ക് വലത് വശം ചേര്‍ന്നു കയറുന്നതിന് 250 മീറ്റര്‍ നീളത്തില്‍ ഒറ്റവരി പാതയോടു കൂടിയ പാലവും നിര്‍മിക്കും. ഇതോടെ 1600 വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ കടന്നു പോകാനാകും. ഖാലിദ് ബിന്‍ അല്‍ വലീദ് റോഡില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് അല്‍ മീന റോഡിലേക്ക് കയറാന്‍ 500 മീറ്റര്‍ ഇരട്ടവരി തുരങ്കവും നിര്‍മിക്കും. മണിക്കൂറില്‍ 3200 വാഹനങ്ങള്‍ക്ക് ഇതു വഴി കടന്നു പോകാനാകും. അല്‍ ഖലീജ്, അല്‍ ഗുബൈബ, ഖാലിദ് ബിന്‍ അല്‍ വലീദ് റോഡുകളെ ബന്ധിപ്പിച്ച് സിഗ്നലോടു കൂടിയ ജംങ്ഷനും ഇവിടെ നിര്‍മിക്കും. അല്‍ ഷിന്ദഗാ ഇടനാഴി വികസന പദ്ധതിയുടെ രണ്ടു ഘട്ടങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ശൈഖ് റാഷിദ്-ഊദ് മേത്ത റോഡ് ജംങ്ഷന് വികസനം, ശൈഖ് റാഷിദ്- ശൈഖ് ഖലീഫാ ബിന്‍ സായിദ്് റോഡുകളുടെ ഇന്റര്സെക്ഷന് വികസനം എന്നിവയാണ് പൂര്‍ത്തിയാക്കിയത്. ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡില്‍ രണ്ട് പാലങ്ങള്‍ ഇതിന്റെ ഭാഗമായി പണിതു. ശൈഖ് റാഷിദ് റോഡിലേക്ക് സമീല്‍ റോഡില്‍ നിന്ന് കയറാന്‍ ഒറ്റവരി പാലവും അല്‍ മന്‍കൂള്‍ ജക്ഷനിലേക്ക് കയറാന്‍ ശൈഖ് റാഷിദ് റോഡില്‍ ടണലും നിര്‍മിച്ചിട്ടുണ്ട്. കോര്‍ണിഷ് റോഡ്, അല്‍ ഖലീജ് റോഡിലെ ജംങ്ഷന്, ഫാല്‍ക്കണ്‍ ജംങഷന്, അബൂബക്കര്‍ അല്‍ സിദ്ദിഖ് റോഡില്‍ നിന്ന് ദേര ഐലന്റിലേക്ക് കയറുന്നതിനുള്ള വഴി തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. 8.5 കി.മീ നീളത്തിലാണ് പാലങ്ങളുടെ നിര്‍മാണം. തുരങ്കങ്ങള്‍ക്ക് 500 മീറ്റര്‍ നീളമുണ്ടാകും. റോഡുകള്‍ എട്ടു കി.മീ നീളത്തിലുണ്ടാകും. ആകെ പത്തു ജങ്ഷനുകള്‍ നിര്‍മിക്കുമെന്നും പദ്ധതി 2022ല്‍ പൂര്‍ത്തിയാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.