
കണ്ണൂര്‍/ദുബൈ: ലോകത്തെ എണ്ണപ്പെട്ട മഹാരഥന്മാരിലൊരാളായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ‘ശിഹാബ് വൈസ് ഫ്രെയിം’ കണ്ണൂര്‍ അറക്കല്‍ രാജകുടുംബത്തിന് കൈമാറി. തങ്ങളുടെ മൊഴിമുത്തുകളടങ്ങിയ സമാഹാരം പ്രത്യേക രൂപകല്‍പനയില്‍ നിര്‍മിച്ച ഫ്രെയിം ഭിത്തിയില്‍ തൂക്കിയിടാവുന്ന വിശിഷ്ട ഉപഹാരമാണ്. സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റിന്റെ ഭാഗമായി മലപ്പുറം ജില്ലാ കെഎംസിസി ദുബൈ കമ്മിറ്റി നടപ്പാക്കിയ വിസിബിലിറ്റി ഔട്‌റീച് ഭാഗമായി അറക്കല്‍ രാജകുടുംബത്തിന്റെ നിലവിലെ സ്ഥാനി സുല്‍ത്താന്‍ ആദിരാജ മറിയുമ്മ ചെറിയ ബീകുഞ്ഞി ബീവിക്കു വേണ്ടി സിയാദ് അറക്കല്‍ ആദിരാജക്ക് ശിഹാബ് വൈസ് ഫ്രെയിം യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍ കൈമാറി.
കുടുംബാംഗങ്ങളായ മൂസ ആദിരാജ, ശുറാബീല്‍ ആദിരാജ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. അറക്കല്‍ കുടുംബവുമായി പാണക്കാട് തറവാടിന് പൗരാണിക ബന്ധമുണ്ട്. ഗൃഹാതുരത്വത്തിന്റെ ഊഷ്മള ഓര്‍മകള്‍ ഒഴുകിയെത്തിയ ചടങ്ങില്‍ പി.കെ അന്‍വര്‍ നഹ, മലപ്പുറം ജില്ലാ പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍, ജന.സെക്രട്ടറി പി.വി നാസര്‍, സംസ്ഥാന ഭാരവാഹികളായ കെ.പി.എ സലാം, ആര്‍. ഷുക്കൂര്‍, മുജീബ് ജൈഹൂന്‍ (‘സ്‌ളോഗന്‍സ് ഓഫ് ദി സേജ്’ രചയിതാവ്), ജില്ലാ ഭാരവാഹികളായ കരീം കാലടി, കുഞ്ഞിമോന്‍ എരമംഗലം, ബദറുദ്ദീന്‍ തറമ്മല്‍, ജലീല്‍ കൊണ്ടോട്ടി, മുജീബ് കോട്ടക്കല്‍, സലാം പരി, ലീഗ് നേതാവ് കുഞ്ഞിപ്പ കാലടി തുടങ്ങിയവര്‍ പങ്കെടുത്തു. 300 വര്‍ഷം മുന്‍പ് അറേബ്യയിലെ ഹളര്‍ മൗത്തില്‍ നിന്ന് ഉത്തര കേരളത്തിലെ വളപട്ടണത്ത് എത്തി താമസമാക്കിയ കുടുംബമാണ് സയ്യിദ് അലി ശിഹാബ് തങ്ങളുടേത്.
പ്രവാചകന്‍ മുഹമ്മദ്(സ)യുടെ 33-ാം വംശ പരമ്പരയില്‍ പെട്ട ഇദ്ദേഹത്തിന്റെ മകന്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍, കണ്ണൂര്‍ അറക്കല്‍ രാജകുടുംബത്തില്‍ നിന്ന് സാധ്വിയായ കദീജയെ വിവാഹം ചെയ്തു. ആ ദമ്പതിമാര്‍ കൊട്ടാരം വിട്ട് കോഴിക്കോട് വന്ന് താമസമാക്കി. അക്കാലത്ത് നിലനിന്ന മരുമക്കത്തായ സമ്പ്രദായത്തിന് വിരുദ്ധമായിരുന്നു അത്. ഇദ്ദേഹത്തിന് നാല് പുത്രന്മാരുണ്ടായിരുന്നു. ഇതില്‍ സയ്യിദ് അലി കോഴിക്കോട്ടും സയ്യിദ് ഹാമിദ് തങ്ങള്‍ കാപ്പാട്ടും സയ്യിദ് മുഹമ്മദ് തങ്ങള്‍ കാട്ടുങ്ങലും സയ്യിദ് മുഹഌര്‍ തങ്ങള്‍ പാണക്കാട്ടും താമസമാക്കി. ഇതേ തുടര്‍ന്നാണ് പാണക്കാട് വംശപരമ്പരക്ക് തുടക്കമാകുന്നത്. ‘അറക്കല്‍ ശിഹാബ്’ വംശ പാരമ്പര്യത്തിന്റെ കണ്ണി വിളക്കിച്ചേര്‍ക്കാനും ചരിത്രം മനസ്സിലാക്കാനും ഈ ചടങ്ങ് ഉപകാരമായി. അറക്കല്‍ രാജകുടുംബം സന്ദര്‍ശിക്കുന്നവര്‍ക്ക് ഇനി ഈ ചരിത്രവും അറിയാനാകും.