‘സിംബാബ്‌വേയില്‍ കോവിഡിന് മുമ്പ് പട്ടിണി ജനങ്ങളെ കൊല്ലും’

13
സിംബാബ്‌വെയില്‍ രാജ്യവ്യാപകമായി 21 ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പാചകവാതക സിലിണ്ടറിനായുള്ള ക്യൂവില്‍ ഇരിക്കുന്ന കുട്ടി

ഹരാരെ: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലോകമെങ്ങുമുള്ള ജനങ്ങളെ വലച്ചിരിക്കുകയാണ്. സിംബാബ്വയെപ്പോലുള്ള ദരിദ്ര രാജ്യങ്ങളെയാണ് അത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സിംബാബ്വെയില്‍ ജനം ഞെട്ടലോടെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ കേട്ടത്. കോവിഡ് ബാധിച്ച് മരിക്കുന്നതിന് മുമ്പ് തന്നെ രാജ്യത്ത്് ആയിരങ്ങള്‍ പട്ടിണികിടന്ന് മരിക്കുമെന്ന് സിംബാബ്വെ ജനത പറയുന്നു. മൂന്നാഴ്ച്ചത്തെ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരുന്നതിന്റെ തലേന്ന് കടകളില്‍ ഭക്ഷ്യവസ്തുക്കള്‍ക്കുവേണ്ടി വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പക്ഷെ, അധികം പേര്‍ക്കും വെറുംകയ്യോടെ മടങ്ങേണ്ടിവന്നു. തീപിടിച്ച വില മാത്രമല്ല, കടകളില്‍ എല്ലാവര്‍ക്കും നല്‍കാന്‍ സാധനങ്ങളും ഇല്ലായിരുന്നു. അവശ്യസാധനങ്ങള്‍ വാങ്ങാനല്ലാതെ പുറത്തിറങ്ങരുതെന്നാണ് സിംബാബ്വെ പ്രസിഡന്റ് എമേഴ്‌സണ്‍ മനന്‍ഗാഗ്വയുടെ നിര്‍ദേശം. ഔദ്യോഗിക കണക്കു പ്രകാരം സിംബാബ്വെയില്‍ പത്ത് പേര്‍ക്ക് കോവിഡ് ബാധിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. നിയന്ത്രണങ്ങളില്ലെങ്കില്‍ രാജ്യത്ത് രോഗം പടര്‍ന്നുപിടിക്കാന്‍ അധികം കാത്തിരിക്കേണ്ടിവരില്ലെന്ന് അധികൃതര്‍ പറയുന്നു. സാമ്പത്തികമായി തകര്‍ന്ന സിംബാബ്വെക്ക് അത്തരമൊരു സാഹചര്യം നേരിടാന്‍ ഒരിക്കലും സാധിക്കില്ല. പക്ഷെ, രാജ്യത്ത് പട്ടിണി പകര്‍ച്ചവ്യാധിയെപ്പോലെ ഇതിനകം തന്നെ വ്യാപിച്ചിട്ടുണ്ട്. ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാതെ ജനങ്ങള്‍ വലയുകയാണ്. ഫെബ്രുവരിയിലെ കണക്കു പ്രകാരം സിംബാബ്വെയില്‍ വിലക്കയറ്റം 500 ശതമാനത്തിന് മുകളിലാണ്. 90 ശതമാനമാണ് തൊഴില്ലായ്മ. ഔഷധത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നു. പൊള്ളുന്ന വില നല്‍കിയാല്‍ തന്നെ കടകളില്‍ സാധനങ്ങള്‍ കിട്ടാനില്ല. കഴിഞ്ഞ ഡിസംബറില്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം പുറത്തുവിട്ട കണക്കു പ്രകാരം 10 വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത പട്ടിണിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ജനസംഖ്യയില്‍ പകുതി പേര്‍ക്കും ശരിയായി ഭക്ഷണം കിട്ടുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ കൂടി ജനങ്ങള്‍ക്ക് താങ്ങാനാവില്ല. ”രാജ്യത്ത് കൊറോണ വൈറസുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം. പക്ഷെ, അത് ഞങ്ങളെ കൊല്ലുന്നതിന് മുമ്പ് ഞങ്ങള്‍ പട്ടിണി കിടന്ന് മരിക്കും.”- സ്റ്റിവര്‍ട്ട് ഡിസിവിര എന്ന സിംബാബ്വെക്കാരന്‍ പറഞ്ഞു.