ഹാപ്പിയാണ് സിസു

10
മാഡ്രിഡ്: ദിവസങ്ങള്‍ക്ക്് മുമ്പ് സാന്‍ഡിയാഗോ ബെര്‍ണബുവിലെ നിറഞ്ഞ ഗ്യാലറികളെ സാക്ഷി നിര്‍ത്തി യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡിന് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ആദ്യ 78 മിനുട്ട് മനോഹരമായി കളിച്ചു. ഇസ്‌ക്കോയുടെ ഗോളില്‍ ലീഡും നേടി. പക്ഷേ അവസാന പന്ത്രണ്ട് മിനുട്ട് സിറ്റിക്കാര്‍ കടന്നു  കയറിയ കാഴ്ച്ചയില്‍  രണ്ട് ഗോളുകള്‍ റയല്‍ വഴങ്ങി. 1-2ന് തോറ്റു. ആ തോല്‍വിക്ക് ശേഷം കോച്ച് സൈനുദ്ദീന്‍ സിദാനെതിരെ വിമര്‍ശകര്‍ വാളോങ്ങി. പിഴവ് സിസു സമ്മതിക്കുകയും ചെയ്തു. ഇന്നലെ അതേ വേദിയില്‍, അതിലേറെ കാണികളെ സാക്ഷി നിര്‍ത്തി നടന്ന എല്‍ ക്ലാസിക്കോയില്‍ പരാജയപ്പെട്ടാല്‍ വിമര്‍ശകര്‍ തന്റെ തലക്കായി മുറവിളി കൂട്ടുമെന്ന് മറ്റാരേക്കാളും നന്നായി അറിയാമായിരുന്ന സിസു 90 മിനുട്ട് അതിവ ജാഗ്രതക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ആക്രമണത്തിലും പ്രതിരോധത്തിലും ജാഗ്രത വേണം. ടച്ച്് ലൈനില്‍ അദ്ദേഹം സജീവമായിരുന്നു. ആ പരാജയം (ചാമ്പ്യന്‍സ് ലീഗ്) വലിയ ആഘാതമായിരുന്നു. അതിനുളള കാരണം എല്ലാവര്‍ക്കുമറിയാമായിരുന്നു. 90 മിനുട്ട് നന്നായി കളിക്കാനുള്ള വ്യക്തമായ ലക്ഷ്യത്തിലാണ് എല്ലാവരും കളിച്ചത്. അതാണ് വിജയമായത്-സിസു പറഞ്ഞു.