എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ആരംഭിച്ചു

129
അബുദാബി മോഡല്‍ സ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുട്ടികള്‍ പരീക്ഷാ വിശേഷങ്ങള്‍ കൈമാറുന്നു. ചിത്രം: മിഡില്‍ ഈസ്റ്റ് ചന്ദ്രിക

ആകെ കുട്ടികളില്‍ 21.4 % അബുദാബി മോഡല്‍ സ്‌കൂളില്‍

ഈ വര്‍ഷത്തെ കേരള സിലബസ് എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ആരംഭിച്ചു.എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 1,580 കുട്ടികളാണ് യുഎഇയില്‍ പരീക്ഷ എഴുതുന്നത്. രാവിലെ 8.15ന് ആരംഭിച്ച പരീക്ഷ 11 മണിക്ക് അവസാനിച്ചു. ആദ്യ കാല്‍ മണിക്കൂര്‍ ആശ്വാസ സമയമെന്ന പേരില്‍ ചോദ്യ പേപ്പര്‍ വായിച്ചു നോക്കാനായി അനുവദിക്കപ്പെട്ടതായിരുന്നു. ഇതിനു ശേഷമാണ് ഉത്തരമെഴുതാന്‍ അനുമതി നല്‍കിയത്.
യുഎഇയില്‍ എസ്എസ്എല്‍സിക്ക് ഒമ്പത് സെന്ററുകളും ഹയര്‍ സെക്കണ്ടറിക്ക് എട്ടു സെന്ററുകളുമാണുള്ളത്. 600 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. 491 കുട്ടികള്‍ പ്‌ളസ് വണ്ണിനും 489 പേര്‍ പ്‌ളസ് ടുവിനും പരീക്ഷ എഴുതുന്നു. 338 കുട്ടികള്‍ പരീക്ഷ എഴുതുന്ന അബുദാബി മോഡല്‍ സ്‌കൂള്‍ തന്നെയാണ് പരീക്ഷാര്‍ത്ഥികളുടെ ഏറ്റവും വലിയ കേന്ദ്രമായി അറിയപ്പെടുന്നത്. 166 കുട്ടികള്‍ എസ്എസ്എല്‍സിയും 88 പേര്‍ പ്‌ളസ് വണ്ണിനും 84 പേര്‍ പ്‌ളസ് ടുവിനും ഇവിടെ പരീക്ഷ എഴുതുന്നു. ആശങ്കയോടെയാണ് കുട്ടികള്‍ പരീക്ഷാ ഹാളിലേക്ക് പ്രവേശിച്ചതെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോടെയും ആഹ്‌ളാദത്തോടെയുമാണ് പരീക്ഷ കഴിഞ്ഞ് പുറത്തേക്കിറങ്ങിയത്.
ചോദ്യങ്ങള്‍ എളുപ്പമായിരുന്നുവെന്നും മുഴുവന്‍ വിഷയങ്ങളിലും എ പ്‌ളസ് പ്രതീക്ഷയുണ്ടെന്നും കുട്ടികള്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു. ആദ്യ ദിനത്തിലെ ആഹ്‌ളാദം അവസാനം വരെ ഉണ്ടാവണമെന്ന പ്രാര്‍ത്ഥനയോടെയാണ് കുട്ടികള്‍ വീടുകളിലേക്ക് മടങ്ങിയത്. ഇന്ത്യക്കാര്‍ക്ക് പുറമെ, ഒമ്പത് രാജ്യങ്ങളിലെ കുട്ടികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി എഴുതുന്നത്. റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദേശ രാജ്യങ്ങളിലെ കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷക്കിരിക്കുന്നത്. ഈ ജിപ്ത്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, യെമന്‍, ഫലസ്തീന്‍,സുഡാന്‍, ബംഗ്ലാദേശ്,കോംറോസ്, സൊമാലിയ എന്നീ ഒമ്പത് രാജ്യങ്ങളില്‍നിന്നുള്ള കുട്ടികളാണ് ഇവിടെ പത്താം ക്‌ളാസ് പരീക്ഷ എഴുതുന്നത്.
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍കരുതലുകളോടെയാണ് കുട്ടികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. എസ്എസ്എല്‍സി, പ്‌ളസ് 1, പ്‌ളസ് 2 കുട്ടികളെ ഇടകലര്‍ത്തിയിരുത്തണമെന്ന് കേരള സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഒരു ക്‌ളാസ് മുറിയില്‍ 15 കുട്ടികളെ മാത്രമേ ഇരുത്താന്‍ പാടുള്ളൂവെന്ന യുഎഇ നിര്‍ദേശം പാലിച്ചു കൊണ്ടാണ് പരീക്ഷ നടന്നത്. അതുകൊണ്ടുതന്നെ, കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയിരുന്നില്ല. നിശ്ചിത അകലത്തിലാണ് കുട്ടികളെ ഇരുത്തിയത്. കുട്ടികള്‍ നേരത്തെ എത്തരുതെന്നും കൂട്ടം കൂടരുതെന്നും സ്‌കൂള്‍ അധികൃതര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു. പരീക്ഷ കഴിഞ്ഞയുടനെ പിരിഞ്ഞു പോകണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ വളരെ വേഗത്തില്‍ തന്നെ സ്‌കൂളില്‍ നിന്ന് ഇറങ്ങുകയായിരുന്നു. സ്‌കൂള്‍ ബസുകള്‍ അനുവദിച്ചിട്ടില്ലാത്തതിനാല്‍ കുട്ടികള്‍ സ്‌കൂളിലെത്തിയതും തിരികെ വീട്ടിലേക്ക് പോയതും രക്ഷിതാക്കളോടൊപ്പമാണ്.
എസ്എസ്എല്‍സി, പ്‌ളസ് 2 പരീക്ഷയെഴുതുന്നവരില്‍ നല്ലൊരു ശതമാനവും തുടര്‍ പഠനത്തിനായി നാട്ടിലേക്ക് പോകാനിരിക്കുന്നവരാണ്. പരീക്ഷാഫലം വരുന്നതോടെയോ അതിനു മുമ്പോ നാട്ടിലേക്ക് പോകാനൊരുങ്ങുന്നവര്‍ പലരും ഉന്നത വിദ്യാഭ്യാസത്തിനായി നാട്ടിലെ കോളജുകളാണ് തെരഞ്ഞെടുക്കുന്നത്.
അതേസമയം, നിരവധി കുട്ടികള്‍ യുഎഇയിലെ വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം നടത്താനാഗ്രഹിക്കുന്നവരാണ്. യൂറോപ്യന്‍ രാജ്യങ്ങളിലെ അനേകം സര്‍വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍, സയന്‍സ് മുഖ്യ വിഷയമായി എടുത്തവര്‍ നാട്ടില്‍ പഠനം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നവരാണ്.