എസ്എസ്എല്‍സി, പ്‌ളസ് 1, പ്‌ളസ് 2 പരീക്ഷകള്‍ നാളെ ആരംഭിക്കും; അതീവ ജാഗ്രതയോടെ കേന്ദ്രങ്ങള്‍

കേരള സിലബസ് പരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ കുട്ടികള്‍ക്കായി നടന്ന പ്രത്യേക പരിപാടി

അബുദാബി: ഈ വര്‍ഷത്തെ കേരള സിലബസ് എസ്എസ്എല്‍സി, പ്‌ളസ് 1, പ്‌ളസ് 2 പരീക്ഷകള്‍ നാളെ ആരംഭിക്കും. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തിയാണ് പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്. 1580 കുട്ടികളാണ് നാളെ കേരള സിലബസ് പരീക്ഷകളെഴുതാന്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തുക. രാവിലെ 8.15 മുതല്‍ 10 മണി വരെയാണ് പരീക്ഷ നടക്കുക. ആദ്യ 15 മിനിറ്റ് ആശ്വാസ സമയമായിരിക്കും. ഈ സമയത്ത് യാതൊരു കാരണവശാലും ഉത്തരങ്ങള്‍ എഴുതാന്‍ അനുവദിക്കുന്നതല്ല. സോഷ്യല്‍ സയന്‍സ്, ഗണിത ശാസ്ത്രം പരീക്ഷകള്‍ നടക്കുന്ന 16, 23 തീയതികളില്‍ 11 മണിക്കാണ് അവസാനിക്കുക.
യുഎഇയില്‍ എസ്എസ്എല്‍സിക്ക് ഒമ്പത് സെന്ററുകളും ഹയര്‍ സെക്കണ്ടറിക്ക് എട്ടു സെന്ററുകളുമാണുള്ളത്. ഒമ്പത് സെന്ററുകളിലായി 600 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. നാളെ ആരംഭിക്കുന്ന പരീക്ഷ 26നാണ് സമാപിക്കുക. യുഎഇയില്‍ ഇന്ത്യക്ക് പുറത്ത് എസ്എസ്എല്‍സി പരീക്ഷ നടക്കുന്ന ഏക രാജ്യമാണ് യുഎഇ. അജ്മാന്‍ ഒഴികെ എല്ലാ എമിറേറ്റുകളിലും എസ്എസ്എല്‍സി പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ എട്ട് സ്‌കൂളുകളിലാണ് നടക്കുക.
അബുദാബി മോഡല്‍ സ്‌കൂളില്‍ തന്നെയാണ് ഇത്തവണയും ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്. തലസ്ഥാന നഗരിയില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന ഏക സ്‌കൂളും ഇതു തന്നെയാണ്. 166 കുട്ടികളാണ് ഇവിടെ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്.
ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ ദുബൈ (55), എന്‍ഐ മോഡല്‍ സ്‌കൂള്‍ ദുബൈ (106), ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍, അല്‍ ഐന്‍ (36), ന്യൂ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റാസല്‍ഖൈമ (47), ഇന്ത്യന്‍ സ്‌കൂള്‍ ഫുജൈറ (63), ദി ഇംഗ്‌ളീഷ് സ്‌കൂള്‍ ഉമ്മുല്‍ഖുവൈന്‍ (33), എന്‍ഐ മോഡല്‍ സ്‌കൂള്‍ ഷാര്‍ജ (43), ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ ഉമ്മുല്‍ഖുവൈന്‍ (51) എന്നിങ്ങനെയാണ് ഈ വര്‍ഷം യുഎഇയിലെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതുന്ന കുട്ടികളുടെ കണക്ക്. ഓരോ സ്‌കൂളുകളും തങ്ങളുടെ പരമാവധി കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്‌ളസ് ലഭ്യമാക്കാനുള്ള തീവ്ര പ്രയത്‌നത്തിലാണ്. കഴിഞ്ഞ വര്‍ഷം നേരിയ മാര്‍ക്കിന് മുഴുവന്‍ എ പ്‌ളസ് നഷ്ടപ്പെട്ട സ്‌കൂളുകള്‍ ഇത്തവണ ആ കുറവ് പരിഹരിക്കാനുള്ള കഠിന ശ്രമം നടത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടു മാസത്തിലേറെയായി കുട്ടികളും വിശ്രമമില്ലാതെ പഠനത്തില്‍ മുഴുകി കഴിയുകയാണ്. കുട്ടികളോടൊപ്പം രക്ഷിതാക്കളും വിരുന്നും വിനോദവുമെല്ലാം വെടിഞ്ഞ് പരീക്ഷക്ക് വേണ്ടിയുള്ള മുന്നൊരുക്കത്തിലാണ്. മാളുകളിലും വിനോദ കേന്ദ്രങ്ങളിലുമെല്ലാം ഇനി പരീക്ഷ കഴിഞ്ഞ ശേഷം മാത്രമേ പത്താം ക്‌ളാസുകാര്‍ എത്തുകയുള്ളൂ. അടുത്ത മാസം അവസാനത്തോടെ പരീക്ഷ അവസാനിക്കുമെങ്കിലും ഫലം അറിഞ്ഞ ശേഷം മാത്രമേ മാനസിക സംഘര്‍ഷം മാറുകയുള്ളൂവെന്നാണ് കുട്ടികള്‍ പറയുന്നത്.

കുറഞ്ഞ പ്രായപരിധി
പരീക്ഷാര്‍ത്ഥികള്‍ 2019 ജൂണ്‍ ഒന്നിന് 14 വയസ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് എസ്എസ്എല്‍സി പരീക്ഷ എഴുതാനുള്ള കുറഞ്ഞ പ്രായമായി കണക്കാക്കിയിട്ടുള്ളത്. ഇതില്‍ ആറു മാസംവരെ ഇളവ് അനുവദിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഓഫീസ ര്‍മാര്‍ക്ക് അധികാരം നല്‍കിയിരുന്നു. അതിലധികമുള്ള വയസ്സിളവ് സര്‍ക്കാര്‍ നേരിട്ട് മാത്രമേ പരിഗണിക്കുകയുള്ളൂ.

ഒമ്പത് രാജ്യങ്ങളിലെ കുട്ടികള്‍
മുന്‍ വര്‍ഷങ്ങളിലെ പോലെ ഇത്തവണയും യുഎഇയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നുണ്ട്. ഇന്ത്യക്ക് പുറമെ ഒമ്പത് രാജ്യങ്ങളിലെ കുട്ടികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി എഴുതുന്നത്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദേശ രാജ്യങ്ങളിലെ കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷക്കിരിക്കുന്നത്.
ഈജിപ്ത്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, യെമന്‍, ഫലസ്തീന്‍, സുഡാന്‍, ബംഗ്‌ളാദേശ്, കോമറോസ്, സൊമാലിയ എന്നീ ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ റാസല്‍ഖൈമ യില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ യുഎഇ, ജര്‍മനി, റഷ്യ, ഇറാന്‍, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളും എസ്എസ്എല്‍സി പരീക്ഷ എഴുതി മികച്ച വിജയം കൈവരിച്ചിരുന്നു.

പ്‌ളസ് വണ്‍, പ്‌ളസ് ടു
യുഎഇയില്‍ 491 കുട്ടികള്‍ പ്‌ളസ് 1നും 489 പേര്‍ പ്‌ളസ് 2വിനും പരീക്ഷ എഴുതുന്നു. അബുദാബി മോഡല്‍ സ്‌കൂള്‍ പ്‌ളസ് വണ്‍ 88, പ്‌ളസ് ടു 84; ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ ദുബൈ പ്‌ളസ് വണ്‍ 82, പ്‌ളസ് ടു 83; എന്‍ഐ മോഡല്‍ സ്‌കൂള്‍ ദുബൈ പ്‌ളസ് വണ്‍ 96, പ്‌ളസ് ടു 77; ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ അല്‍ ഐന്‍ പ്‌ളസ് വണ്‍ 17, പ്‌ളസ് ടു 24; ന്യൂ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റാസല്‍ഖൈമ പ്‌ളസ് വണ്‍ 61, പ്‌ളസ് ടു 74; ഇന്ത്യന്‍ സ്‌കൂള്‍ ഫുജൈറ പ്‌ളസ് വണ്‍ 40, പ്‌ളസ് ടു 49; ദി ഇംഗ്‌ളീഷ് സ്‌കൂള്‍ ഉമ്മുല്‍ഖുവൈന്‍ പ്‌ളസ് വണ്‍ 61, പ്‌ളസ് ടു 52; എന്‍ഐ മോഡല്‍ സ്‌കൂള്‍ ഷാര്‍ജ പ്‌ളസ് വണ്‍ 46, പ്‌ളസ് ടു 46 എന്നിങ്ങനെയാണ് ഈ വര്‍ഷം യുഎഇയിലെ വിവിധ കേന്ദ്രങ്ങളില്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതുന്ന കുട്ടികള്‍.
കുട്ടികള്‍ കുറയുന്നു
മൊത്തത്തിലുള്ള കണക്കനുസരിച്ച് ഓരോ വര്‍ഷവും എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
2013ല്‍ 4,80,000 കുട്ടികളാണ് പരീക്ഷ എഴുതിയത്. 2014ല്‍ 4,63,685ഉം 2017ല്‍ 4,55,906ഉം 2018ല്‍ 4,41,103ഉം 2020ല്‍ 4,22,347 ആയി കുറഞ്ഞു. അതേസമയം, എസ്എസ്എല്‍സി പരീക്ഷ നടക്കുന്ന ഏക വിദേശ രാജ്യമായ യുഎഇയില്‍ കുട്ടികളുടെ എണ്ണത്തില്‍ ഇത്തവണ വര്‍ധനയാണുണ്ടായിട്ടുള്ളത്.
മുന്‍ വര്‍ഷങ്ങളെക്കാള്‍ ഏറ്റവും ഉയര്‍ന്ന എണ്ണമായ 600 കുട്ടികളാണ് ഇത്തവണ യുഎഇയിലെ ഒമ്പത് കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത്.

എസ്എസ്എല്‍സിക്ക്
ഇത്തവണ
4,22,347 കുട്ടികള്‍
ഇന്ത്യയിലും വിദേശത്തുമായി 4,22,347 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. 2,17,184 പേര്‍ മലയാളം മീഡിയം. 2,01,259 പേര്‍ ഇംഗ്‌ളീഷ് മീഡിയം. 2377 പേര്‍ തമിഴ്. 1577 പേര്‍ കന്നഡ എന്നിങ്ങനെയാണ് കുട്ടികളുടെ ഭാഷാ തിരിവ് രേഖപ്പെടുത്തിയിട്ടുള്ളത്.