കോവിഡ് വൈറസ് വായുവില്‍ മണിക്കൂറുകളോളം നിലനില്‍ക്കും

79

ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 വൈറസിന് വായുവില്‍ മണിക്കൂറുകളോളവും ചില പ്രതലങ്ങളില്‍ ദിവസങ്ങളോളവും അതിജീവിക്കാന്‍ സാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. രോഗിയുടെ സ്രവങ്ങളിലൂടെ പുറത്തുവരുന്ന വൈറസ് അന്തരീക്ഷ വായുവില്‍ മണിക്കൂറുകളോളം നില്‍ക്കുമെന്ന് ‘ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍’ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെയും മൊണ്ടാന എന്‍ഐഎച്ച് വൈറോളജി ലാബിലെയും ഗവേഷകരാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ചെറുവായുകണികകളില്‍(എയ്‌റോസോളില്‍) കോവിഡ് വൈറസിന് മൂന്ന് മണിക്കൂറോളം നിലനില്‍ക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തി. ചെമ്പ് പ്രതലത്തില്‍ നാല് മണിക്കൂറും കാര്‍ഡ്‌ബോര്‍ഡ് പോലുള്ള വസ്തുക്കളില്‍ 24 മണിക്കൂറും പ്ലാസ്റ്റിക്, സ്റ്റീല്‍ പോലുള്ളവയില്‍ മൂന്ന് ദിവസം വരെയും കോവിഡ് വൈറസിന് സജീവമായി നില്‍ക്കാനാവും. രോഗവ്യാപനത്തിന്റെ അപകടകരമായ സാധ്യതയിലേക്കാണ് പഠനം വിരല്‍ ചൂണ്ടുന്നത്. 2002-2003 കാലഘട്ടത്തിലെ സാര്‍സുമായി താരതമ്യം ചെയ്യുമ്പോള്‍ കൊറോണ പരത്തുന്ന സാര്‍സ് കോവ് 2 ഇത്തരം പ്രതലങ്ങളില്‍ നിലനില്‍ക്കാനുള്ള സാധ്യത മൂന്നിരട്ടിയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൈകള്‍ കഴുകിയും മറ്റും പ്രതിരോധ മുന്‍കരുതലുകള്‍ സജീവമാക്കുമ്പോഴാണ് കോവിഡ് വൈറസ് പതിയിരിക്കാന്‍ സാധ്യതയുള്ള പുതിയ മേഖലകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ കാണിക്കാത്ത അവസ്ഥയിലും വൈറസ് മറ്റുള്ളവരിലേക്ക് പടര്‍ത്താന്‍ ഒരു രോഗിക്ക് സാധിക്കും. വൈറസ് വാഹകരാകാന്‍ സാധ്യതയുള്ളവരില്‍നിന്ന് പരമാവധി വിട്ടുനില്‍ക്കുകയും സ്വയം അച്ചടക്കം പാലിക്കുകയും ചെയ്യുകയാണ് കോവിഡില്‍നിന്ന് രക്ഷപ്പെടാനുള്ള പ്രധാന മാര്‍ഗമെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.