കര്‍ശനമായ നിയന്ത്രണങ്ങളുമായി മന്ത്രാലയങ്ങള്‍ കോവിഡ് 19: സഊദിയില്‍ 511 പേര്‍ക്ക്

റിയാദ്: 119 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ സഊദിയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 511 ആയി . മക്ക 72, റിയാദ് 34, ദമാം 4 ,ഖതീഫ് 4, അല്‍ഹസ്സ 3, അല്‍ഖോബാര്‍ 3, അല്‍ഖസീം 1, ദഹ്റാന്‍ 1 എന്നിവിടങ്ങളിലാണ് കേസുകള്‍ റിപ്പോര്‍ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 17 പേര്‍ക്ക് ഇതിനകം രോഗം ഭേദമായി. സഊദിയിലെ സ്വദേശികളും വിദേശികളും പരമാവധി വീട്ടില്‍ തന്നെ കഴിയണമെന്നും അടിയന്തര ഘട്ടങ്ങളില്ലാതെ പുറത്തിറങ്ങരുതെന്നും മന്ത്രാലയം ആവര്‍ത്തിച്ചാവശ്യപ്പെട്ടു. മഹാമാരിയെ നിയന്ത്രിക്കുന്നതിന് വേണ്ടി അതിനിര്‍ണ്ണായകമായ അടുത്ത രണ്ടാഴ്ച കാലം രാജ്യത്തെ പൊതുജനങ്ങള്‍ ഭരണകൂടവുമായി പൂര്‍ണമായി സഹകരിക്കണമെന്ന് കഴിഞ്ഞ ദിവസം സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാജ്യത്തെ ജനങ്ങളോട് ടെലിവിഷന്‍ അഭിസംബോധന വഴി ആവശ്യപ്പെട്ടിരുന്നു.
കര്‍ശന നിയന്ത്രണങ്ങളിലൂടെ പോകുന്ന സഊദിയില്‍ പൊതുജനങ്ങളുടെ സഹകരണം ഉറാപ്പായാല്‍ രോഗബാധ പടരുന്നത് തടയാനുള്ള എല്ലാ ഒരുക്കങ്ങളും രാജ്യത്തെ വിവിധ മന്ത്രാലയങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നു ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷക്കും സംരക്ഷണത്തിനും ആവശ്യമായ എല്ലാ നടപടികളും പരമാവധി ചെയ്തു വരുന്നുണ്ട്. ആദ്യ ഘട്ടമെന്നോണം പാസ്‌പോര്ട് വിഭാഗം നടത്തിയ വ്യോമ കര കടല്‍ വഴിയെത്തുന്ന യാത്രയെയും യാത്രക്കാരെയും കര്‍ശനമായ നിബന്ധനകളിലൂടെ നിയന്ത്രിച്ചു. വൈറസ് ബാധ തടയുന്നതിനുള്ള നിരവധി നടപടി ക്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കിയത് സഊദിയില്‍ ഏറെ കുറെ വൈറസ് ബാധ പടരുന്നത് തടയാന്‍ കാരണമായി. രാജ്യത്തേക്കുള്ള അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. രാജ്യത്ത് തിരിച്ചെത്താനുള്ളവര്‍ക്ക് 72 മണിക്കൂര്‍ സമയം നല്‍കി സ്വദേശികള്‍ക്കും റീ എന്‍ട്രി തീരാനായ വിദേശികള്‍ക്കും രാജ്യത്തേക്ക് മടങ്ങാനുള്ള അവസരം കൊടുത്തു. ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി ക്രമങ്ങള്‍ സഊദിയിലെത്തുന്ന എല്ലാവരും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി. സഊദി പൗരന്മാര്‍ക്ക് ജിസിസി രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് പാസ്പോര്‍ട്ടിന് പകരം ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ നിലവിലുണ്ടായിരുന്ന നിയമ ആനുകൂല്യം റദ്ദാക്കി. സഊദി പൗരന്മാര്‍ ജിസിസി രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് വിലക്കിയതാണ് മറ്റൊരു നടപടി. ജിസിസിയിലുള്ളവര്‍ക്കും മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സഊദിയിലേക്കുള്ള പ്രവേശനം നിഷേധിച്ചു. ഉംറ കര്‍മം താത്കാലികമായി നിര്‍ത്തിവെച്ച നടപടിയുമായി സ്വദേശികളും വിദേശികളും നന്നായി സഹകരിച്ചത് സുപ്രധാന നടപടികളൊന്നായിരുന്നു. രാജ്യത്ത് ആദ്യമായി കോവിഡ് 19 റിപ്പോര്‍ട് ചെയ്ത കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫ് ഗവര്ണറേറ്റ് അവശ്യ സര്‍വീസുകള്‍ മാത്രം നിലനിര്‍ത്തി പൂര്‍ണ്ണമായും അടച്ചു. പൊതുജന സന്പര്‍ക്കമുള്ള എല്ലാ പരിപാടികളും നിരോധിച്ചു . വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാല അവധി നല്‍കി. അതെ സമയം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി കഌസുകള്‍ നടത്താനുള്ള സംവിധാനമൊരുക്കി. മാളുകളും കൊമേര്‍ഷ്യല്‍ സെന്ററുകളും അടച്ചു പൂട്ടി. പാര്‍ക്കുകള്‍, ബീച്ചുകള്‍, ഓഡിറ്റോറിയങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഹുക്ക കടകള്‍, കോഫി ഷോപ്പുകള്‍ തുടങ്ങിയവയും അടച്ചു. റെസ്റ്റോറന്റുകളില്‍ ഭക്ഷണം പാര്‍സല്‍ മാത്രം നല്‍കി. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ജീവനക്കാര്‍ക്ക് വീടുകളിരുന്നു ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കി. കാര്‍ഗോ, അവശ്യ സര്‍വീസുകളൊഴികെ രാജ്യത്തെ പൊതുഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. മക്കയിലും മദീനയിലും ഹറമുകളില്‍ ഒഴികെ രാജ്യത്തെ മുഴുവന്‍ പള്ളികളിലും ജുമുഅ നിസ്‌കാരമടക്കം നിര്‍ത്തി വെച്ചു തുടങ്ങി നിരവധി കടുത്ത നിയന്ത്രണങ്ങളാണ് രണ്ടാഴ്ച സമയം കൊണ്ട് സഊദി ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയത്.