കോവിഡ്-19 നിരീക്ഷണത്തിലായിരുന്ന യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു

കൊറോണ നിരീക്ഷണത്തിലായിരുന്ന യുവാവ് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. മേച്ചിറ കാര്യാടന്‍ സുരേഷിന്റെ മകന്‍ സുജിത്ത്(30)ആണ് മരിച്ചത്. മാര്‍ച്ച് 11ന് ദുബൈയില്‍ നിന്ന് വന്ന സുജിത്തിനോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ശനിയാഴ്ച്ച അര്‍ധരാത്രി അപകടത്തില്‍പ്പെട്ടത്. കൊറോണ പരിശോധന ഫലം ലഭിച്ച ശേഷമെ സുജിത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കുകയുള്ളൂവെന്ന് ഡി.എം.ഒ അറിയിച്ചു. മൃതദേഹം തൃശൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ മരണശേഷമാണ് വിദേശത്ത് നിന്ന് വന്ന വ്യക്തിയാണെന്ന് അറിഞ്ഞതെന്നും ഇതേതുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതെന്നും ഡി.എം.ഒ വിശദീകരിച്ചു. രണ്ടു ദിവസമായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് സുജിത്തിന്റെ മരണം. അപകടത്തില്‍ ബൈക്കോടിച്ചിരുന്ന  നായരങ്ങാടി ഉദനിപറമ്പന്‍ രാജീവിന്റെ മകന്‍ അര്‍ജുന്‍ നേരത്തെ മരിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മേച്ചിറയില്‍ വച്ചായിരുന്നു അപകടം. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ വാഹനാപകടത്തില്‍ മരിച്ച സാഹചര്യത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ മേലുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. ജയയാണ് സുജിത്തിന്റെ അമ്മ. സഹോദരന്‍: സുജേഷ്.