മറുപടിയെവിടെ? കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ വിശദീകരണം നല്‍കാന്‍ വൈകുന്നത് എന്തുകൊണ്ടെന്ന് കേന്ദ്രസര്‍ക്കാറിനോട് സുപ്രീംകോടതി. കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടുപോവുകയാണെന്ന് കേസില്‍ മുസ്‌ലിംലീഗിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറലിനോട് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം.
സി.എ.എക്കെതിരായ ഹര്‍ജികള്‍ ഡിസംബറിലാണു ഫയല്‍ ചെയ്തത്. ജനുവരി 22ന് സര്‍ക്കാരിനു നാല് ആഴ്ചത്തെ സമയം നല്‍കി. ഇടക്കാല ഉത്തരവിനായി ഹര്‍ജികള്‍ ഫെബ്രുവരിയില്‍ പരിഗണിക്കാമെന്നു കോടതി പറഞ്ഞതാണ്. എന്നാല്‍ ഇപ്പോഴും ഹര്‍ജികള്‍ പട്ടികയില്‍ പെടുത്തിയിട്ടില്ലെന്ന് മുസ്‌ലിംലീഗിനുവേണ്ടി ഹാജരായ കപില്‍ സിബലും ഹാരിസ് ബീരാനും ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകുന്നത് കേസ് നീളാന്‍ ഇടയാക്കുന്നുണ്ട്. കേസ് അനിശ്ചിതമായി നീട്ടാന്‍ കേന്ദ്രം ബോധപൂര്‍വ്വം എതിര്‍സത്യവാങ്മൂലം വൈകിപ്പിക്കുകയാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

കേസ് വൈകിപ്പിക്കാന്‍
കേന്ദ്രം മനപ്പൂര്‍വ്വം ശ്രമിക്കുന്നു:
പി.കെ കുഞ്ഞാലിക്കുട്ടി

എതിര്‍ സത്യവാങ്മൂലം തയ്യാറായിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം ഫയല്‍ ചെയ്യാമെന്നുമായിരുന്നു ഇതിന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ മറുപടി.  സി.എ.എയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മുസ്‌ലിംലീഗ് ആണ് ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. പിന്നാലെ ഇതേ വിഷയത്തില്‍ മറ്റു നിരവധി ഹര്‍ജികളും കോടതിയിലെത്തി. നിലവില്‍ 140 റിട്ട് ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ളത്.
കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകരുതെന്നും ഹോളി അവധിക്കു ശേഷം ഹര്‍ജികള്‍ പരിഗണിക്കണമെന്നും കപില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹോളി അവധിക്കു ശേഷം സ്ത്രീകളും മതസ്വാതന്ത്ര്യവും സംബന്ധിച്ച വിഷയമാണ്(ശബരിമല കേസ്) ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. അതിനു ശേഷം മാത്രമേ പൗരത്വ നിയമ ഹര്‍ജികള്‍ പരിഗണിക്കാനാവൂവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ശബരിമല കേസ് കഴിയുമ്പോള്‍ ഏപ്രില്‍ എങ്കിലും ആകുമെന്നും അപ്പോഴേക്കും വളരെ വൈകിപ്പോകുമെന്നും കപില്‍ സിബല്‍ വാദിച്ചു. ഇടക്കാല ഉത്തരവിനായി രണ്ട് മണിക്കൂര്‍ വീതമെങ്കിലും ഭരണഘടനാ ബെഞ്ച് പൗരത്വ നിയമ ഹര്‍ജികള്‍ പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹോളി അവധിക്കുശേഷം ഇക്കാര്യം കോടതി മുമ്പാകെ പരാമര്‍ശിക്കാനായിരുന്നു കബില്‍ സിബലിനോടുള്ള ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം. മാര്‍ച്ച് ഒമ്പത് മുതല്‍ 16വരെയാണ് സുപ്രീം കോടതി ഹോളി അവധിക്കായി അടച്ചിടുക. ഈ സമയത്ത് അടിയന്തര സ്വഭാവമുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനായി അവധിക്കാല ബെഞ്ച് രൂപീകരിക്കും.